മോസ്കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ 'സ്പുട്നിക് അഞ്ച്' 40,000ത്തിൽ അധികം േപരിൽ പരീക്ഷണം നടത്താനൊരുങ്ങുന്നു. വിദേശ ഗവേഷണ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും പരീക്ഷണം. വാക്സിൻ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമാണെന്നുമാണ് റഷ്യയുടെ വാദം.
രണ്ടുമാസത്തോളം പ്രദേശികമായി വാക്സിൻ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ പരീക്ഷണ ഫലം റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മനുഷ്യരിൽ വലിയ രീതിയിൽ പരീക്ഷണത്തിന് തയാറെടുക്കുന്നതിന് മുമ്പ് വാക്സിെൻറ വിവരങ്ങൾ ലഭ്യമാകാത്തതിൽ ചില ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള എല്ലാ പരിശോധനകളും നടപടികളും സ്വീകരിച്ച് ഫലപ്രദമെന്ന് തെളിയുന്നതുവരെ വാക്സിെൻറ വ്യാപക ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
എന്നാൽ നിരവധി രാജ്യങ്ങൾ റഷ്യൻ വാക്സിനെതിരെ പ്രചാരണ യുദ്ധത്തിലേർപ്പെടുകയാണെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് തലവൻ കിറിൽ ദിമിത്രേവ് പറഞ്ഞു. വരുന്ന മാസം റഷ്യൻ വാക്സിൻ സംബന്ധിച്ച വിവരങ്ങൾ അക്കാദമിക് ജേർണലിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ വാക്സിൻ പരീക്ഷണം ആരംഭിച്ചതുമുതൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കോടിക്കണക്കിന് ഓർഡറുകൾ ലഭിച്ചിരുന്നു. എന്നാൽ, വർഷം തോറും 500 മില്ല്യൺ മാത്രമേ ഉൽപ്പാദിക്കാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയിലെ 45 മെഡിക്കൽ സെൻററുകളിലായിരിക്കും 40,000 പേരിൽ വാക്സിൻ പരീക്ഷണം നടത്തുക. വാക്സിൻ പരീക്ഷണഫലം ലോകാരോഗ്യ സംഘടനക്ക് കൈമാറും. അടുത്ത ഘട്ടത്തിൽ ഇന്ത്യ, ബ്രസീൽ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ പരീക്ഷണത്തിൽ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്പുട്നിക് അഞ്ചിന് റഷ്യയിൽ ആഭ്യന്തര അനുമതി ലഭിച്ചിരുന്നു. ഇതോടെ കോവിഡ് വാക്സിന് അനുമതി ലഭിക്കുന്ന ആദ്യ രാജ്യമായി മാറിയെന്നാണ് റഷ്യയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.