മോസ്കോ: സിറിയയിൽ നടക്കുന്ന പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്നാണ് റഷ്യയുടേയും തുർക്കിയയുടേയും ഇറാന്റേയും നിലപാടെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. പ്രസിഡന്റ് ബശ്ശാറുൽ അസദിന് പ്രതിപക്ഷ പോരാളികൾ കനത്ത വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് റഷ്യയുടെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.
പ്രശ്നം പരിഹരിക്കാൻ പ്രതിപക്ഷ പോരാളികളും സർക്കാറും തമ്മിൽ ചർച്ച നടത്തണമെന്നാണ് തങ്ങളുടെ നിലപാടെന്നും ലാവ്റോവ് പറഞ്ഞു. 2017ൽ മൂന്ന് രാജ്യങ്ങളും സിറിയയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസ്താന ചർച്ചകളുടെ ഭാഗമായിരുന്നു. പ്രതിപക്ഷത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളത്.യു.എന്നിന്റെ 22454 പ്രമേയം ഉടൻ നടപ്പാക്കണം. സർക്കാറും പ്രതിപക്ഷവും തമ്മിൽ ഉടൻ ചർച്ചകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
രക്തരൂഷിത ആഭ്യന്തര കലാപം തുടരുന്ന സിറിയയിൽ തലസ്ഥാനമായ ഡമസ്കസ് വളഞ്ഞെന്ന് വിമതസേന. മൂന്നു സുപ്രധാന നഗരങ്ങൾ വിമതസേന പിടിച്ചെടുത്തെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഡമസ്കസിന്‍റെ സമീപത്തെ ഓരോ ഗ്രാമങ്ങളും നഗരങ്ങളും വിമതസേന പിടിച്ചെടുക്കുന്നതായാണ് യു.എസ് വക്താവിനെ ഉദ്ധരിച്ച് ബി.സി.സി റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഭരണസംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് വിമതസേന വ്യക്തമാക്കി.
അതേസമയം, തലസ്ഥാനമായ ഡമസ്കസിന് ചുറ്റും പ്രതിരോധ വലയം സൃഷ്ടിച്ചെന്നാണ് സർക്കാർ സേന അവകാശപ്പെടുന്നത്. എന്നാൽ, സർക്കാർ സൈന്യത്തിന്‍റെ സാന്നിധ്യം ഒരിടത്തും ദൃശ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.