(ചിത്രം കടപ്പാട്: റോയിട്ടേഴ്സ്)

ബഖ്മുതിൽ ഉഗ്ര പോരാട്ടം: കൊല്ലപ്പെട്ടത് ആയിരങ്ങൾ; നഷ്ടം സമ്മതിച്ച് യുക്രെയ്നും റഷ്യയും

കിയവ്: റഷ്യ-യുക്രെയ്ൻ യുദ്ധ ഭാഗമായി ബഖ്മുതിൽ ഉഗ്ര പോരാട്ടം. ഇരുപക്ഷത്തുമായി ആയിരങ്ങൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മേഖലയുടെ കിഴക്കൻ ഭാഗത്തിന്റെ ഭൂരിഭാഗവും റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്. 1100 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും 1500ഓളം പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അവകാശപ്പെട്ടു. യുക്രെയ്ൻ പക്ഷത്ത് കനത്ത നാശം നേരിട്ടതിനെ തുടർന്നാണ് അവർ കിഴക്കൻ മേഖലയിൽനിന്ന് പിൻവലിഞ്ഞത്. കഴിഞ്ഞ ദിവസം മാത്രം 220ലേറെ യുക്രെയ്ൻ സൈനികരെ വധിച്ചതായാണ് റഷ്യൻ സേന പറയുന്നത്. ഇരുപക്ഷവും അവകാശപ്പെടുന്നതല്ലാതെ ആൾനാശത്തിന്റെയും നാശനഷ്ടങ്ങളുടെയും കൃത്യമായ കണക്ക് ലഭ്യമല്ല.

തങ്ങൾക്കും കനത്ത നഷ്ടമുണ്ടായെന്ന് ഇരുപക്ഷവും സമ്മതിക്കുന്നുണ്ട്. അതിനിടെ വാഗ്നർ ഗ്രൂപ് റഷ്യയോട് കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെട്ടു. വാഗ്ദാനം ചെയ്ത വെടിക്കോപ്പുകളും സന്നാഹങ്ങളും പോലും ലഭിച്ചില്ലെന്നാണ് സ്വകാര്യ സൈനിക കമ്പനിയായ വാഗ്നർ ഗ്രൂപ്പിന്റെ പരാതി. ഡോൺബാസ് വ്യവസായ മേഖലയിലേക്കും ഡോണെറ്റ്സ്കിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും കടക്കാൻ ബഖ്മുത് പിടിച്ചടക്കുന്നതിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ റഷ്യയെ പ്രേരിപ്പിക്കുന്നത്. കൂടുതൽ നഷ്ടം സംഭവിക്കാതിരിക്കാൻ തൽക്കാലം ബഖ്മുതിൽനിന്ന് പിൻവാങ്ങണമെന്ന ആശയം യുക്രെയ്ൻ കമാൻഡർമാർ പങ്കുവെക്കുന്നു. സിവിലിയന്മാരെ ലക്ഷ്യമാക്കുന്നില്ലെന്ന് ഇരുപക്ഷവും പറയുന്നു.

ബഖ്മുതിൽനിന്ന് സിവിലിയന്മാർ ഭൂരിഭാഗവും ഒഴിഞ്ഞുപോയിട്ടുണ്ട്. നേരത്തെ 75000ത്തിന് മേൽ ജനസംഖ്യയുണ്ടായിരുന്ന ഇവിടെ 6000ത്തിൽ താഴെ സാധാരണക്കാരേ അവശേഷിക്കുന്നുള്ളൂവെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Russia-Ukraine updates: Hundreds killed in battle for Bakhmut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.