ഖാർക്കിവിലെ  റഷ്യൻ അധീന നഗരമായ കുപിയാൻസ്കിൽ തദ്ദേശവാസികളെ ഒഴിപ്പിക്കൽ പുരോഗമിക്കുന്നു  

യുക്രെയ്ൻ യുദ്ധം നൂറാംദിവസത്തിലേക്ക്

കിയവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം നൂറാംദിവസത്തിലേക്ക് കടക്കുന്നു. നഗരങ്ങൾ പിടിച്ചെടുക്കാൻ ശക്തമായ ആക്രമണം നടക്കുകയാണ്. പടിഞ്ഞാറൻ ലിവിവ് മേഖലയിൽ റെയിൽപ്പാതകൾ റഷ്യ ബോംബിട്ടു തകർത്തു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ എത്തിച്ചിരുന്ന പ്രധാന പാതയായിരുന്നു ഇത്. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സെവെറൊ​ഡൊണേട്സ്ക് നഗരത്തിന്റെ 70 ശതമാനവും റഷ്യ നിയന്ത്രണത്തിലാക്കിയതായി ലുഹാൻസ്ക് റീജ്യനൽ ഗവർണർ സെർഹി ഹൈദായ് പറഞ്ഞു. നഗരത്തി​ന്റെ 10 മുതൽ 15 ശതമാനം വരെയുള്ള ഭാഗങ്ങൾ ​ഗ്രേ സോൺ ആണ്. അവശേഷിക്കുന്നത് മാത്രമാണ് യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ളത്.

സെവെറൊ​ഡൊണേട്സ്കിൽ റഷ്യൻ സൈന്യം മുന്നേറുന്ന സാഹചര്യത്തിൽ തദ്ദേശവാസികൾ കെമിക്കൽ പ്ലാന്റിൽ അഭയം തേടിയിരിക്കയാണ്. ഇവിടത്തെ അസോത് കെമിക്കൽ പ്ലാന്റ് റഷ്യ തകർത്തു. കിഴക്കൻ യുക്രെയ്നിൽ ഷെല്ലാക്രമണത്തിൽ സന്യാസി മഠം തകർന്ന് രണ്ട് സന്യാസികൾ കൊല്ലപ്പെട്ടു. രാജ്യത്തെ സാംസ്കാരിക പൈതൃകങ്ങൾ തകർത്തതിന് റഷ്യക്കെതിരെ 367 യുദ്ധക്കുറ്റങ്ങൾ രേഖപ്പെടുത്തിയതായി യുക്രെയ്ൻ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. 29 മ്യൂസിയങ്ങൾ, 133 ചർച്ചുകൾ, 66 തിയേറ്ററുകൾ, ലൈബ്രറികൾ, ജൂത ​ശ്മശാനം എന്നിവയാണ് തകർക്കപ്പെട്ടത്. അതിനിടെ, റഷ്യയിലേക്ക് ബലമായി കൊണ്ടുപോയ തദ്ദേശവാസികളിൽ 200,000 കുട്ടികളുമുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളാദിമിർ സെലൻസ്കി ആരോപിച്ചു. മാതാപിതാക്കൾ വേർപിരിഞ്ഞ കുടുംബങ്ങളിൽ നിന്നുള്ളവരെയും അനാഥരായവരെയുമാണ് നിർബന്ധിതമായി കൊണ്ടുപോയത്.

യുക്രെയ്ൻ യുദ്ധം ചർച്ചചെയ്യാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നാറ്റോ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തും. ആർട്ടിലറി റോക്കറ്റ് സിംസ്റ്റം അടക്കം യുക്രെയ്ന് 700ദശലക്ഷം ഡോളറിന്റെ സഹായം കൂടി യു.എസ് പ്രഖ്യാപിച്ചു. അതിനിടെ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ അപലപിച്ച് ജർമൻ മുൻ ചാൻസലർ അംഗല മെർകൽ രംഗത്തുവന്നു. യുക്രെയ്ൻ ആക്രമണത്തിൽ തകർന്നടിഞ്ഞിട്ടും അംഗല മൗനം പാലിച്ചതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. യുക്രെയ്നിലേത് കിരാതമായ യുദ്ധമാണെന്നായിരുന്നു അവരുടെ പ്രതികരണം. യുക്രെയ്നിൽ റഷ്യ നടത്തുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി അയർലൻഡ് സെനറ്റ് പ്രമേയം പാസാക്കി.

Tags:    
News Summary - Russia-Ukraine war enters its 99th day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.