പറക്കലിനിടെ ആറു യാത്രക്കാരുമായി റഷ്യൻ സൈനിക വിമാനം കാണാതായി

മോസ്കോ: റഷ്യയിൽ പറക്കലിനിടെ സൈനിക വിമാനം കാണാതായെന്ന് റിപ്പോർട്ട്. ആറു പേർ യാത്ര ചെയ്ത ആന്‍റനോവ്-26 വിമാനമാണ് തെക്ക് കിഴക്ക് ഖബാറോസ്ക് പ്രദേശത്ത് വെച്ച് കാണാതായത്. ആശയ വിനിമയ ഉപകരണങ്ങളുടെ പരിശോധനക്കായി പറന്നുയുർന്ന വിമാനവുമായുള്ള ബന്ധം 38 കിലോമീറ്റർ അകലെ വെച്ച് നഷ്ടപ്പെടുകയായിരുന്നു. യന്ത്ര തകരാറോ മോശം കാലാവസ്ഥയോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

അപകടവാർത്ത അറിഞ്ഞതിന് പിന്നാലെ ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസിയുടെ എം.ഐ-8 ഹെലികോപ്റ്റർ തിരച്ചിൽ ആരംഭിച്ചു. മേഖലയിൽ രക്ഷാദൗത്യത്തിനായി 70 അംഗ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തിരച്ചിൽ വൈകിപ്പിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

1970-80 കാലത്ത് സോവിയറ്റ് യൂണിയൻ നിർമിച്ചതാണ് ചെറു യാത്രാവിമാനമായ ആന്‍റനോവ്-26. സിവിലിയൻ കാർഗോ, സൈനികർ, സൈനിക ഉപകരണങ്ങൾ എന്നിവയുടെ കൈമാറ്റത്തിനായാണ് ഈ വിമാനം പ്രധാനമായും ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ ജൂലൈ 16ന് 17 യാത്രക്കാരുമായി പറന്ന ആന്‍റനോവ്-28 വിമാനം തോംസിലെ സൈബീരിയൻ പ്രദേശത്ത് വെച്ച് കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ വിമാനം ഇടിച്ചിറക്കിയതായി കണ്ടെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.