കിയവ്: സമാധാന ദൗത്യവുമായി ആഫ്രിക്കൻ നേതാക്കൾ സന്ദർശനം നടത്തുന്നതിനിടെ യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം. ഡ്രോണുകളും മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചു. കിയവിൽ വൻ സ്ഫോടനശബ്ദം കേട്ടതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 12 മിസൈലുകളും രണ്ടു ഡ്രോണുകളും തകർത്തതായി യുക്രെയ്ൻ വ്യോമസേന പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കൂടുതൽ യുദ്ധം ആഗ്രഹിക്കുന്നുവെന്ന് ആഫ്രിക്കൻ നേതാക്കൾക്കു നൽകിയ സന്ദേശമാണ് ആക്രമണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. സമാധാന ദൗത്യവുമായി ദക്ഷിണാഫ്രിക്ക, ഈജിപ്ത്, സെനഗാൾ എന്നിവയുൾപ്പെടെ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസം യുക്രെയ്നിൽ എത്തിയത്. പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച സംഘം റഷ്യയിലെത്തും.വെള്ളിയാഴ്ച കിയവിനു സമീപം ബുച്ചയിലെ കൂട്ടക്കുഴിമാടം സംഘം സന്ദർശിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ കൊല്ലപ്പെട്ട 458 പേരെയാണ് ഇവിടെ അടക്കംചെയ്തിരിക്കുന്നത്.
വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനും ശാശ്വതമായ സമാധാനം ഉറപ്പുവരുത്തുന്നതിനും സെലൻസ്കിയുമായും പുടിനുമായി ചർച്ച നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘത്തിന്റെ സന്ദർശനം.
അതിനിടെ, യുക്രെയ്ൻ യുദ്ധം തുടങ്ങിയതിനുശേഷം ഇതുവരെ 25,000ത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. റഷ്യ പുറത്തുവിട്ട ഔദ്യോഗിക കണക്കിനേക്കാൾ നാലിരട്ടി വരുമിത്.
അതേസമയം, യുക്രെയ്ൻ സംഘർഷം വിലയിരുത്തുന്നതിനായി നാറ്റോ അംഗരാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ വെള്ളിയാഴ്ച യോഗം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.