മോസ്കോ: റഷ്യയിൽ പ്രസിഡന്‍റ് വ്ലാദ്മിർ പുടിനെതിരെ പ്രക്ഷോഭമുഖത്ത് സജീവമായിരുന്ന പ്രതിപക്ഷ നേതാവ് അലക്സി നാവൽനിക്കെതിരെ വേട്ട തുടരുന്നു. നാവൽനിയുടെ സംഘടന ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് കാണിച്ച് കോടതി വിലക്കി. ഇതോടെ, അദ്ദേഹത്തിന്‍റെ സംഘടനക്ക് മാത്രമല്ല സഖ്യകക്ഷികൾക്കും അടുത്ത അഞ്ചു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് ബാധകമാകും.
ജയിലിലടക്കപ്പെട്ട നാവൽനിയെ റഷ്യയുടെ രാഷ്ട്രീയ ചിത്രത്തിൽനിന്ന് തുടച്ചുനീക്കാനുള്ള പുടിന്‍റെ ശ്രമങ്ങൾക്ക് കോടതി പിന്തുണ നൽകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് 'ആന്‍റി കറപ്ഷൻ ഫൗണ്ടേഷൻ' എന്ന സംഘടനയെ നിരോധിച്ച് ബുധനാഴ്ച രാത്രി കോടതി ഉത്തരവിറക്കിയത്.
നാവൽനിയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് പ്രതിപക്ഷ നേതാക്കളെയും നിരവധി അഭിഭാഷകരെയും അറസ്റ്റ് ചെയ്തിരുന്നു. നാവൽനിയുടെ അഭിഭാഷകനെതിരെയും കേസ് എടുത്തിട്ടുണ്ട്. വിചാരണ നടക്കാനിരിക്കെ അന്വേഷണ സംഘത്തിന്‍റെ രഹസ്യങ്ങൾ ചോർത്തിയെന്നാണ് കേസ്.
സംഘടനയുടെ ആസ്ഥാനം അടച്ചുപൂട്ടുന്നതുൾപെടെ നടപടികൾ ഉടൻ ആരംഭിക്കും. പ്രവർത്തകർ ഇനിയും ഫൗണ്ടേഷനുമായി സഹകരിക്കുന്നത് നീണ്ട ജയിൽ ശിക്ഷക്ക് കാരണമാകും. സാമ്പത്തിക സഹായങ്ങൾക്കും വിലക്കുണ്ട്. മാധ്യമ പ്രവർത്തകരും നിരീക്ഷണത്തിലാകും. നാവൽനിക്കെതിരെ നിലപാട് കർക്കശമാക്കിയപ്പോഴും കോടതിയെ ഉപയോഗിച്ച് സംഘടനയെ വിലക്കാതെ സൂക്ഷിച്ച പുടിന്‍റെ നിലപാട് മാറ്റമാണ് പുതിയ നീക്കത്തിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.