റഷ്യയുടെ നിർദേശം അംഗീകരിച്ചു; ബെലറൂസിൽ സമാധാന ചർച്ചക്ക് തയാറെന്ന് സെലെൻസ്കി

കിയവ്: യുദ്ധം കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിൽ സമാധാന ചർച്ചക്ക് തയാറായി യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി. ബെലറൂസിലായിരിക്കും ചർച്ച നടക്കുക. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായി ചർച്ച ചെയ്ത ശേഷമാണ് സെലെൻസ്കി ഇക്കാര്യം അറിയിച്ചതെന്ന് ദെ കിയവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ചർച്ച തീരും വരെ രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ബെലാറൂസ് ഉറപ്പ് നൽകി. ചർച്ച നടക്കുമെന്ന് റഷ്യയും അറിയിച്ചു.  

ബെലറൂസ് തലസ്ഥാനമായ മിൻസ്കിൽ വെച്ച് ചർച്ച നടത്താമെന്ന റഷ്യൻ നിർദേശം നേരത്തെ സെലെൻസ്കി തള്ളിയിരുന്നു. സഖ്യരാഷ്ട്രമായ ബെലറൂസിൽനിന്ന് റഷ്യ തങ്ങളെ ആക്രമിക്കുന്ന സാഹചര്യത്തിൽ ആ രാജ്യത്തുവെച്ച് സമാധാന ചർച്ച നടത്താനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചർച്ചകൾക്കായി മറ്റ് അഞ്ച് നഗരങ്ങളുടെ പേരുകളും നിർദേശിച്ചിരുന്നു.

പോളണ്ട് തലസ്ഥാനമായ വാഴ്സ, സ്​ലൊവേക്യൻ തലസ്ഥാനമായ ബ്രാട്ടിസ്​ലാവ, ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ്, തുർക്കി തലസ്ഥാനമായ ഇസ്തംബുൾ, അസൈർബൈജാൻ തലസ്ഥാനമായ ബാകു എന്നിവയാണ് ചർച്ചക്കായി സെലെൻസ്കി നിർദേശിച്ചിരുന്ന നഗരങ്ങൾ.

'തീർച്ചയായും സമാധാനം പുലരണം, ചർച്ചകൾ നടക്കണം, യുദ്ധം അവസാനിക്കണം. എന്നാൽ, ബെലറൂസിൽ നിന്ന് നിങ്ങൾ ഞങ്ങളെ ആക്രമിക്കുന്നിടത്തോളം മിൻസ്കിൽ വെച്ച് സമാധാന ചർച്ചകൾ നടക്കില്ല. ഞങ്ങളുടെ നേരെ മിസൈൽ തിരിച്ചുവെച്ചിട്ടില്ലാത്ത മറ്റേത് രാജ്യത്ത് വെച്ചും ചർച്ച നടത്താം. ഇതാണ് ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാർഗം' - എന്നാണ് സെലെൻസ്കി പറഞ്ഞത്.

യുക്രെയ്നുമായി ബെലറൂസിൽ വെച്ച് ചർച്ച നടത്താൻ തയാറാണെന്നാണ് റഷ്യയുടെ നിലപാട്. യുക്രെയ്ന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും റഷ്യൻ വാർ‌ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് റഷ്യ യുക്രെയ്നുമായി ചർച്ചക്ക് തയാറാണെന്ന് അറിയിക്കുന്നത്.

Tags:    
News Summary - Russia's proposal approved; Selensky says he is ready for peace talks in Belarus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.