എസ്. ജയശങ്കർ

‘ഇന്ത്യ -ചൈന സഹകരണം സുപ്രധാനം; എന്നാൽ അതിർത്തി പ്രശ്നം പരിഹരിക്കുന്നതുവരെ മറ്റു ചർച്ചകളില്ല’

ന്യൂയോർക്ക്: ഇന്ത്യ -ചൈന സഹകരണം ഏഷ്യയുടെ മുഴുവൻ ഭാവി നിർണയിക്കുന്നതിൽ സുപ്രധാനമാണെന്നും എന്നാൽ അതിർത്തിയിലെ പ്രശ്നം പരിഹരിക്കുന്നതുവരെ മറ്റു വിഷയങ്ങളിൽ ചർച്ചക്കില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 2020ൽ ഗാൽവൻ താഴ്വരയിൽ സേനകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത് ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വരുത്തി. ഇന്ത്യ -ചൈന അതിർത്തിയിൽ എല്ലായിടത്തും തർക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ ‘ഇന്ത്യ, ഏഷ്യ ആൻഡ് ദ് വേൾഡ്’ എന്ന പരിപാടിയിലായിരുന്നു ജയശങ്കറിന്റെ പരാമർശം.

“ഇന്ത്യ -ചൈന ബന്ധം ഏഷ്യയുടെ ഭാവിയിൽ നിർണായകമാണെന്ന് ഞാൻ കരുതുന്നു. ലോകം ഇപ്പോൾ ഇരുധ്രുവ ക്രമത്തിലല്ല, അത് ബഹുധ്രുവ ക്രമത്തിലാണ്. ഏഷ്യയിലും അങ്ങനെയാണ്. അത്തരത്തിൽ നോക്കുമ്പോൾ ഏഷ്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്റെ ഭാവിയെ സ്വാധീനിക്കുന്നതാകും ഇന്ത്യ -ചൈന ബന്ധം. അയൽ രാജ്യങ്ങളായ ഇന്ത്യയും ചൈനയും മാത്രമാണ് 100 കോടിയിലേറെ ജനസംഖ്യയുള്ള ലോകരാജ്യങ്ങൾ. നിരവധി വിഷയങ്ങളിൽ ഭിന്നതാൽപര്യങ്ങളുള്ള രാജ്യങ്ങളാണിവ. 75 ശതമാനം പ്രശ്നങ്ങൾക്കും പരിഹാരം കാണാനായിട്ടുണ്ട്. ഇപ്പോഴുള്ളപ്രധാന പ്രശ്നം അതിർത്തി തർക്കവുമായി ബന്ധപ്പെട്ടതാണ്.

ചൈനയുമായി ഇന്ത്യക്ക് 3500 കിലോമീറ്റർ അതിർത്തിയാണുള്ളത്. ഇതിൽ എല്ലായിടത്തും തർക്കമുണ്ട്. അതിർത്തിയിലെ സേനാവിന്യാസം പിൻവലിക്കുന്ന മുറയ്ക്ക് മാത്രമേ അവിടെ പരിഹാരമാകുകയുള്ളൂ. അതിർത്തിയിൽ സമാധാനം പുലർന്നാൽ മറ്റ് കാര്യങ്ങളേക്കുറിച്ച് ചർച്ച ചെയ്യാനും നല്ല ബന്ധം മുന്നോട്ടുകൊണ്ടുപോകാനുമാകും. 2020ൽ ചൈനീസ് സേന യഥാർഥ നിയന്ത്രണരേഖ ലംഘിച്ചതോടെയാണ് സംഘർഷമുണ്ടായത്. സൈനികർക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതോടെ ബന്ധം വഷളായി. സേനകൾ മുമ്പ് ക്യാമ്പ് ചെയ്തിടത്തേക്ക് മടങ്ങിയാൽ മാത്രമേ അതിൽ പരിഹാരമാകൂ” -ജയശങ്കർ പറഞ്ഞു.

Tags:    
News Summary - Until We Can Restore Peace On Border... S Jaishankar On India-China Ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.