ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും യു.എസിൽ കൂടിക്കാഴ്ച നടത്തി. ജയ്ശങ്കറിന്റെ അഞ്ച് ദിവസത്തെ യു.എസ് സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അതേസമയം, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ കാനഡ വിഷയം ചർച്ചയായില്ലെന്നാണ് സൂചന.
യു.എസിൽ വീണ്ടുമെത്താനായതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെയെത്തും. ജി20 സമ്മേളനത്തിന് അമേരിക്ക നൽകിയ പിന്തുണക്ക് നന്ദിയുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു. ബ്ലിങ്കണുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ജയ്ശങ്കർ പ്രതികരണം നടത്തിയത്.
കഴിഞ്ഞ കുറേ ആഴ്ചകളായി ഇന്ത്യയുമായി നല്ല ആശയവിനിമയം നടത്താൻ സാധിച്ചിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ജി20 ഉച്ചക്കോടിക്കിടയിലും യു.എൻ ജനറൽ അസംബ്ലിയിലും ചർച്ച നടത്താൻ സാധിച്ചു. വരുംനാളുകളിലും ഇത്തരത്തിൽ ചർചകൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആന്റണി ബ്ലിങ്കൺ പറഞ്ഞു. അതേസമയം, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഇരുവരും പ്രതികരിച്ചില്ല.
നേരത്തെ യു.എൻ ജനറൽ അസംബ്ലിക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തിയപ്പോഴും കാനഡ വിഷയം ചർച്ചയായിരുന്നില്ല. യോഗത്തിൽ കാനഡ വിഷയം ചർച്ചയായില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലറാണ് അറിയിച്ചത്. അതൊരു ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നില്ല. നിരവധി രാജ്യങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യയുമായി കാനഡ പ്രശ്നം ചർച്ച ചെയ്തിരുന്നു. കാനഡ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കാൻ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് ജോൺ മില്ലർ പറഞ്ഞിരുന്നു.
യു.എൻ ജനറൽ അസംബ്ലിക്കിടെ എസ്.ജയ്ശങ്കറും ആന്റണി ബ്ലിങ്കനും ആസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്ങും ജപ്പാൻ വിദേശകാര്യമന്ത്രി യോകോ കാമികാവയും കൂടിക്കാഴ്ച നടത്തിയിരുന്നു. ക്വാഡ് യോഗത്തിന്റെ ഭാഗമായാണ് മൂവരും കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.