ദുബൈ: പാമ്പിനെ തിന്നുന്ന നാട്ടിലെത്തിയാൽ നടുക്കഷണം തിന്നണമെന്നാണല്ലോ വെപ്പ്. ഇത് അക്ഷരംപ്രതി പാലിച്ചിരിക്കുകയാണ് ക്രിസ്മസിന് സമ്മാനങ്ങളുമായെത്തുന്ന സാന്താക്ലോസ്. സാധാരണ മാനുകൾ (Rain deer) വലിക്കുന്ന തെന്നുവണ്ടിയിലാണ് സാന്താക്ലോസ് എത്തുന്നത്. എന്നാൽ, ഇത്തവണ ദുബൈയിലെത്തിയപ്പോൾ വാഹനമൊന്ന് മാറ്റിപ്പിടിച്ചു. ഒട്ടകത്തിലായിരുന്നു സാന്തയുടെ സഞ്ചാരം.
ക്രിസ്മസിനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങിയ ഗ്ലോബൽ വില്ലേജിലാണ് നരച്ചമുടിയും താടിയുമായി ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് പരിവാരങ്ങൾക്കൊപ്പം സാന്ത എത്തിയത്. കോവിഡ് പരിഭ്രാന്തിയിൽ നിന്ന് മെല്ലെ കരകയറി വരുന്ന ദുബൈയിലെ ഗ്ലോബൽ വില്ലേജിൽ എത്തിയവർക്ക് ഒട്ടകപ്പുറത്തെ സാന്താക്ലോസ് ആശ്വാസക്കാഴ്ചയായി. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്‍റെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് മങ്ങലേറ്റിരിക്കുകയാണ്. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലെ ബാൽക്കണിയിൽനിന്ന് ക്രിസ്മസ് സന്ദേശം നൽകുന്ന പതിവ് തെറ്റിച്ച് ഇത്തവണ വത്തിക്കാനിലെ ആസ്ഥാനത്ത് ഇരുന്നായിരിക്കും പോപ് ഫ്രാൻസിസ് ക്രിസ്മസ് സന്ദേശം നൽകുകയെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.