ഫലസ്​തീൻ, ലബനാൻ വിഷയങ്ങളിൽ ചർച്ച നടത്തി സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡൻറും

റിയാദ്​: ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംയുക്ത അറബ്-ഇസ്‌ലാമിക് ഫോളോ അപ്പ് ഉച്ചകോടിക്ക് ആഹ്വാനം ചെയ്​ത സൗദി അറേബ്യയെ ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയൻ പ്രശംസിച്ചു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി ടെലിഫോൺ സംഭാഷണം നടത്തവേയാണ്​ പ്രശംസ​. ഉച്ചകോടി വിജയകരമാ​കട്ടെയെന്ന്​ അദ്ദേഹം ആശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തി​ന്റെ വികാസവും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.

ഇതിനിടെ സൗദി സായുധ സേന ചീഫ്​ ഓഫ്​ ജനറൽ സ്​റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹാമിദ്​ അൽ റുവൈലി ഇറാൻ സായുധസേനയുടെ ജനറൽ സ്​റ്റാഫ് മേധാവി മേജർ ജനറൽ മുഹമ്മദ് ബാഗരിയുമായി കൂടിക്കാഴ്​ച നടത്തി. ഇറാൻ സന്ദർശനത്തിടെ ടെഹ്‌റാനിൽ വെച്ചാണ്​ ഇരുവരും നേരിൽ കണ്ടത്​. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്ന തരത്തിൽ സൈനിക, പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.

ബെയ്ജിങ്​ കരാറി​ന്റെ ചട്ടക്കൂടിനുള്ളിലാണ് ലഫ്റ്റനൻറ് ജനറൽ ഫയാദ് അൽറുവൈലിയുടെ ഇറാൻ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ നേട്ടമുണ്ടാക്കാൻ പരസ്​പര സഹകരണമുണ്ടാക്കുകയും ഏകോപനവും സഹകരണവും ഉന്നത നിലവാരത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്​ ലക്ഷ്യം​. ഇറാ​ൻ ഇൻറലിജൻസ് ആൻഡ്​ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്​റ്റൻറ് ചീഫ് ഓഫ് സ്​റ്റാഫ് മേജർ ജനറൽ ഗുലാം മിഹ്​റാബിയുമായും അൽറുവൈലി കൂടിക്കാഴ്ച നടത്തി.

സൗദി സായുധ സേന ചീഫ്​ ഓഫ് ജനറൽ സ്​റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹാമിദ്​ അൽ റുവൈലി ഇറാൻ സായുധസേനയുടെ ജനറൽ സ്​റ്റാഫ് മേധാവി മേജർ ജനറൽ മുഹമ്മദ് ബാഗരിയുമായി തെഹ്​റാനിൽ കൂടിക്കാഴ്​ച നടത്തിയപ്പോൾ.

Tags:    
News Summary - Saudi Crown Prince and Iranian President discussed the issues of Palestine and Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.