ഫലസ്തീൻ, ലബനാൻ വിഷയങ്ങളിൽ ചർച്ച നടത്തി സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡൻറും
text_fieldsറിയാദ്: ഫലസ്തീനിലും ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സംയുക്ത അറബ്-ഇസ്‌ലാമിക് ഫോളോ അപ്പ് ഉച്ചകോടിക്ക് ആഹ്വാനം ചെയ്ത സൗദി അറേബ്യയെ ഇറാൻ പ്രസിഡൻറ് മസൂദ് പെസെഷ്കിയൻ പ്രശംസിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോൺ സംഭാഷണം നടത്തവേയാണ് പ്രശംസ. ഉച്ചകോടി വിജയകരമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വികാസവും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.
ഇതിനിടെ സൗദി സായുധ സേന ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹാമിദ് അൽ റുവൈലി ഇറാൻ സായുധസേനയുടെ ജനറൽ സ്റ്റാഫ് മേധാവി മേജർ ജനറൽ മുഹമ്മദ് ബാഗരിയുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ സന്ദർശനത്തിടെ ടെഹ്‌റാനിൽ വെച്ചാണ് ഇരുവരും നേരിൽ കണ്ടത്. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്ന തരത്തിൽ സൈനിക, പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
ബെയ്ജിങ് കരാറിന്റെ ചട്ടക്കൂടിനുള്ളിലാണ് ലഫ്റ്റനൻറ് ജനറൽ ഫയാദ് അൽറുവൈലിയുടെ ഇറാൻ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ നേട്ടമുണ്ടാക്കാൻ പരസ്പര സഹകരണമുണ്ടാക്കുകയും ഏകോപനവും സഹകരണവും ഉന്നത നിലവാരത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ഇറാൻ ഇൻറലിജൻസ് ആൻഡ് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റൻറ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഗുലാം മിഹ്റാബിയുമായും അൽറുവൈലി കൂടിക്കാഴ്ച നടത്തി.
സൗദി സായുധ സേന ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹാമിദ് അൽ റുവൈലി ഇറാൻ സായുധസേനയുടെ ജനറൽ സ്റ്റാഫ് മേധാവി മേജർ ജനറൽ മുഹമ്മദ് ബാഗരിയുമായി തെഹ്റാനിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.