നാലു കുട്ടികൾ ആമസോണിൽ അകപ്പെട്ടിട്ട് ഒരു മാസം; തിരച്ചിൽ തുടരുന്നു

ബോഗോട്ട: കൊളംബിയയുടെ തെക്കുകിഴക്കൻ ഭാഗത്തെ ആമസോൺ മഴക്കാടിൽ വിമാനം തകർന്നുവീണ് നാലു കുട്ടികളെ കാണാതായിട്ട് ഒരു മാസം. കുട്ടികൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇന്നലെയും തിരച്ചിൽ തുടരുന്നതിനിടെ സൈന്യം വ്യക്തമാക്കി.

13, 11, ഒമ്പത്, നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടികളാണ് അപകടം നിറഞ്ഞ ആമസോൺ വനത്തിൽ അകപ്പെട്ടിരിക്കുന്നത്. മേയ് ഒന്നിനാണ് സെസ്സ്ന 206 എന്ന ചെറുവിമാനം അറാറക്വാറയിൽ നിന്നും കൊളംബിയൻ ആമസോണിലെ സാൻ ജോസ് ഡേൽ ഗൊവിയാരെ നഗരത്തിലേക്ക് പറന്നുയർന്നത്. 350 കി.മീ യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ എൻജിൻ പ്രശ്നങ്ങൾ പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. നിമിഷങ്ങൾക്കകം വിമാനം റഡാറിൽനിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.

ദിവസങ്ങൾക്കുശേഷം മേയ് 15ന് കുട്ടികളുടെ അമ്മയുടെയും ഒരു പ്രാദേശിക നേതാവിന്‍റെയും പൈലറ്റിന്‍റെയും മൃതദേഹങ്ങൾ കണ്ടെടുത്തു. എന്നാൽ, കുട്ടികളെക്കുറിച്ച് അപകടം നടന്ന സ്ഥലത്തുനിന്നും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് സാറ്റലൈറ്റ് ചിത്രങ്ങളിൽനിന്നാണ് കുട്ടികൾ വിമാനപകടം നടന്ന സ്ഥലത്തുനിന്നും നടന്നു തുടങ്ങിയതായി വ്യക്തമായത്.


രക്ഷാ ദൗത്യ സംഘം കുട്ടികൾ പോയ വഴികളിൽ പാതി കഴിച്ച പഴങ്ങളും മറ്റും കണ്ടെത്തി. കഴിഞ്ഞ ആഴ്ച ഷൂകളും ഒരു ഡയപറും ലഭിച്ചിരുന്നു. തെളിവുകൾ സൂചിപ്പിക്കുന്നത് കുട്ടികൾ ജീവനോടെയുണ്ടെന്ന് തന്നെയാണെന്ന് ദൗത്യ സംഘം തലവൻ ജനറൽ പെഡ്രോ സാഞ്ചെസ് പറഞ്ഞു.

ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും വിമാനത്തിലെത്തി പ്രദേശത്ത് വിതറുന്നുണ്ട്. കുട്ടികളുടെ മുത്തശ്ശിയുടെ ശബ്ദം റെക്കോഡ് ചെയ്തും ലൗഡ് സ്പീക്കറിൽ കേൾപ്പിക്കുന്നുണ്ട്. പുള്ളിപ്പുലിയുടെയും വിഷപ്പാമ്പുകളുടെയും വിഹാര കേന്ദ്രമാണിത്. കൂടാതെ, മയക്കുമരുന്ന് കടത്തുന്ന സായുധ സംഘങ്ങളുടെയും താവളമാണ് ഇവിടം.

Tags:    
News Summary - search for missing children in the Amazon after one month of plane crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.