ജനീവ: ലിബിയ, പശ്ചിമേഷ്യ രാജ്യങ്ങളിലേക്ക് പുതിയ യു.എൻ പ്രതിനിധികളെ നിയമിക്കാനുള്ള സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറാസിന്‍റെ ശിപാർശക്ക് സുരക്ഷാ സമിതിയുടെ അംഗീകാരം. മുൻ ബർഗേറിയൻ നയതന്ത്ര പ്രതിനിധി നിക്കോളാ മ്ലദ്നോവിനെ ലിബിയയിലും നോർവീജിയൻ നയതന്ത്ര പ്രതിനിധി ടോർ വെന്നിസ് ലാൻഡിനെ പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്കും നിയമിച്ചു കൊണ്ടുള്ള ശിപാർശക്കാണ് സുരക്ഷാ കൗൺസിൽ അംഗീകാരം നൽകിയത്.
യുദ്ധം തകർത്ത ലിബിയയിൽ നടത്തുന്ന മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്ന മുൻ പ്രതിനിധി ഹസൻ സലാം മാർച്ചിൽ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ താൽകാലിക പ്രതിനിധിയായി സ്റ്റെഫാനി വില്യമിന് ഐക്യരാഷ്ട്ര സഭ നിയമിച്ചിരുന്നു. സ്റ്റെഫാനി വില്യമിനെ മാറ്റിയാണ് നിക്കോളാ മ്ലദ്നോവിനെ നിയമിക്കുന്നത്.
2011ൽ ഭരണാധികാരി മുവമ്മർ ഗദ്ദാഫിയെ അധികാരത്തിൽ നിന്ന് നാറ്റോ പിന്തുണയോടെ പുറത്താക്കിയതിന് പിന്നാലെയാണ് ലിബിയയിൽ അധികാരത്തിനായുള്ള ആഭ്യന്തര യുദ്ധം തുടങ്ങിയത്. രാജ്യാന്തര അംഗീകാരമുള്ള സർക്കാർ സേനയും ഖലീഫ ഹഫ്ത്താറിന്‍റെ കിഴക്കൻ ലിബിയ കേന്ദ്രമായുള്ള ലിബിയൻ നാഷണൽ ആർമിയും ആണ് നിരന്തരം ഏറ്റുമുട്ടന്നത്. ഒക്ടോബറിൽ ഇരുവിഭാഗവും വെടിനിർത്തൽ അംഗീകരിച്ചിരുന്നു.
നിലവിൽ പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്കുള്ള പ്രത്യേക പ്രതിനിധിയാണ് ടോർ വെന്നിസ് ലാൻഡ്. ഫലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് ടോർ വെന്നിസ് ലാൻഡിന്‍റെ പുതിയ നിയമനം. 1967ലെ യുദ്ധത്തിൽ ഇസ്രായേൽ കടന്നുകയറിയ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലം, ഗാസാ മുനമ്പ് അടക്കമുള്ള പ്രദേശം ഉൾപ്പെടുന്ന സ്വതന്ത്ര രാജ്യം സ്ഥാപിക്കണമെന്നാണ് ഫലസ്തീന്‍റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.