ഇസ്ലാമാബാദ്: പാകിസ്താൻ മുൻപ്രധാനമന്ത്രി ഇംറാൻ ഖാനെതിരായ തോഷഖാന അഴിമതിക്കേസിൽ വിചാരണ കോടതിയുടെ വിധിയിൽ പ്രഥമദൃഷ്ട്യാ വീഴ്ചകളുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമർ അത്താ ബണ്ടിയാൽ. മൂന്ന് വർഷത്തെ തടവുശിക്ഷക്കെതിരെ ഇംറാൻ ഖാൻ നൽകിയ അപ്പീലിൽ ഇസ്ലാമാബാദ് ഹൈകോടതിയുടെ വിധി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തോഷഖാന കേസിൽ വിചാരണ കോടതിയുടെ നടപടികൾക്കെതിരെ പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി അധ്യക്ഷൻ കൂടിയായ ഇംറാൻ ഖാൻ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ മസാഹർ അലി അക്ബർ നഖ്വി, ജമാൽ ഖാൻ മൻഡോഖൈൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ഔദ്യോഗിക പദവിയിലിരിക്കേ ലഭിച്ച സമ്മാനങ്ങളുടെ വിവരങ്ങൾ മറച്ചുവെച്ചു എന്ന കുറ്റത്തിന് ആഗസ്റ്റ് അഞ്ചിനാണ് ഇംറാൻ ഖാന് മൂന്നു വർഷത്തെ ജയിൽശിക്ഷ വിധിച്ചത്. അഞ്ച് വർഷത്തേക്ക് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇതോടെ അദ്ദേഹം അയോഗ്യനുമായി. ശിക്ഷവിധിക്ക് പിന്നാലെ ഇംറാൻ ഖാൻ ഇസ്ലാമാബാദ് ഹൈകോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച ഹൈകോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
സുപ്രീംകോടതിയിൽ നടന്ന വാദത്തിനിടെ ഇംറാൻ ഖാന്റെ അഭിഭാഷകൻ ലത്തീഫ് ഖോസയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകൻ അംജദ് പർവേസിന്റെയും വാദങ്ങൾ ബെഞ്ച് കേട്ടു. തുടർന്നാണ്, തോഷഖാന കേസിൽ ബുധനാഴ്ച ഇടപെടുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കിയത്. വ്യാഴാഴ്ച ഹൈകോടതിയിലെ വാദത്തിന്റെ സ്ഥിതി അറിഞ്ഞ ശേഷം ഹരജിയിൽ നടപടികൾ പുനരാരംഭിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.