ബകു: ഐക്യരാഷ്ട്രസഭയുടെ 29ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടി (സി.ഒ.പി 29) അസർബൈജാൻ തലസ്ഥാനമായ ബകുവിൽ ആരംഭിച്ചു. യു.എസ് അടക്കം ശക്തരായ പല രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. കാർബൺ പുറന്തള്ളി ഏറ്റവും കൂടുതൽ മലിനീകരണമുണ്ടാക്കുന്ന 13 രാജ്യങ്ങളാണ് ഉച്ചകോടിയിൽനിന്ന് വിട്ടുനിൽക്കുന്നത്. ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്നില്ല.
ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണമുണ്ടാക്കുന്ന യു.എസും ചൈനയും ഫ്രാൻസുമൊന്നും ഉച്ചകോടിക്കെത്തിയിട്ടില്ലെന്ന് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ പ്രസംഗത്തിൽ തുറന്നടിച്ചു. അതേസമയം, 2035ഓടെ മലിനീകരണം 81 ശതമാനം കുറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഉച്ചകോടിയിൽ പ്രഖ്യാപിച്ചു.
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസത്തിനും മാസങ്ങൾക്കും വർഷത്തിനുമാണ് ലോകം സാക്ഷ്യം വഹിച്ചതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഊർജ വിപ്ലവം നടക്കുന്നുണ്ടെന്നും ഒരു ഗ്രൂപ്പിനും ബിസിനസിനും സർക്കാറിനും ഇത് തടയാൻ കഴിയില്ലെന്നും ഡോണൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റാവുന്നതിനെ പരാമർശിക്കാതെ ഗുട്ടെറസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.