കൂലി കൂട്ടിനൽകിയതിന് മ്യാന്മറിൽ ബിസിനസുകാരൻ അറസ്റ്റിൽ; കാരണം വിചിത്രം...

ജീവനക്കാർക്ക് കൂലി കൂട്ടിനൽകിയതിന് മ്യാന്മറിൽ ബിസിനസുകാരൻ അറസ്റ്റിൽ. മൻഡാലായിലെ മൂന്ന് മൊബൈൽ ഫോൺ സ്ഥാപനങ്ങളുടെ ഉടമയായ പ്യായീ ഫ്യോ എന്നയാളാണ് അറസ്റ്റിലായത്. പട്ടാളഭരണത്തിന് കീഴിലുള്ള രാജ്യത്തെ പണപ്പെരുപ്പം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ അനുമതിയില്ലാതെ തൊഴിലാളികൾക്ക് വേതനം കൂട്ടിനൽകി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ആഭ്യന്തര സംഘർഷങ്ങളും പട്ടാളഭരണവും മ്യാന്മറിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

ബിസിനസുകാരനായ പ്യായീ ഫ്യോ തന്‍റെ ജീവനക്കാർക്ക് കൂലി കൂട്ടിനൽകുകയാണ് എന്ന വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. നിരവധി പേർ ഇദ്ദേഹത്തിന്‍റെ നടപടിയെ പ്രകീർത്തിച്ചു. എന്നാൽ, അധികം വൈകാതെ പട്ടാളക്കാരും പൊലീസുകാരും തന്നെ തേടിയെത്തിയപ്പോഴാണ് താൻ ചെയ്ത കാര്യം ഭരണകൂടത്തിന് ഇഷ്ടപ്പെട്ടില്ലെന്ന് ഇദ്ദേഹം മനസ്സിലാക്കിയത്. പ്യായീ ഫ്യോയുടെ മൂന്ന് സ്ഥാപനങ്ങളും പൂട്ടിച്ച പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊതുജീവിതത്തിന് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

കൂലി കൂട്ടിനൽകിയതിന് അടുത്തകാലത്തായി മ്യാന്മറിൽ 10 ബിസിനസുകാരെ പട്ടാളം അറസ്റ്റ് ചെയ്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂലി കൂട്ടുന്നത് പണപ്പെരുപ്പം ഉയരുന്നുവെന്ന യാഥാർഥ്യം ജനങ്ങൾ മനസ്സിലാക്കുന്നതിന് കാരണമാകുമെന്നാണ് പട്ടാളം കരുതുന്നതത്രെ. അറസ്റ്റിലായവരെയെല്ലാം മൂന്ന് വർഷത്തേക്ക് ജയിലിലടച്ചിരിക്കുകയാണ്.

ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ സൈനിക നീക്കത്തിലൂടെ അട്ടിമറിച്ച് 2021ലാണ് മ്യാന്മറിൽ പട്ടാളം അധികാരം പിടിച്ചത്. തുടർന്നുള്ള കാലയളവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ആഭ്യന്തര സംഘർഷങ്ങളെ നിയന്ത്രിക്കാൻ പട്ടാളത്തിന് സാധിക്കാത്ത സാഹചര്യമാണ്.

Tags:    
News Summary - shop owners are being jailed for giving their employees a wage raise in Myanmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.