വാഷിങ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ശ്രീ തനേദാർ മിഷിഗനിൽനിന്ന് വിജയിച്ചു. ഡെമോക്രാറ്റിക് സ്ഥാനാർഥിയാണ്. മിഷിഗനിൽനിന്ന് ജനപ്രതിനിധി സഭയിൽ എത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ പൗരനാണ്. 67കാരനായ തനേദാർ നിലവിൽ മിഷിഗൻ ഹൗസിൽ തേഡ് ഡിസ്ട്രിക്ടിനെ പ്രതിനിധാനം ചെയ്യുന്നുണ്ട്. റിപ്പബ്ലിക്കൻ കക്ഷിയിലെ മാർടെൽ ബിവിങ്സിനെയാണ് തനേദാർ തോൽപിച്ചത്. 84,096 വോട്ടുനേടി. ബിവിങ്സ് 27,366 വോട്ടാണ് നേടിയത്. 2018ൽ മിഷിഗൻ ഗവർണർ സ്ഥാനത്തെത്താൻ ശ്രമം നടത്തിയിരുന്നു.
'70കളിൽ കേവലം 20 ഡോളറുമായി അമേരിക്കയിലെത്തി ഉയർച്ചകളിലേക്ക് നടന്നുകയറിയ വ്യക്തിയാണ് തനേദാർ. മഹാരാഷ്ട്ര സ്വദേശിയാണ്. വളർന്നത് കർണാടകയിലെ ബെളഗാവിയിൽ. ചെറുപ്പത്തിൽ പിതാവ് മരിച്ചതിനാൽ പഠന ചെലവുകൾക്കും കുടുംബത്തിന്റെ വരുമാനത്തിനുമായി ചെറിയ ജോലികൾ ചെയ്തു. പിന്നീട് മുംബൈ ഭാഭ ആറ്റമിക് റിസർച് സെന്ററിൽ ശാസ്ത്രജ്ഞനായി. ബിസിനസ് രംഗം ലക്ഷ്യമിട്ടാണ് യു.എസിലെത്തിയത്. പിന്നീട് പൊതുജന സേവനരംഗത്തെത്തി. താൻ കുടിയേറിയ രാജ്യം തനിക്ക് വേണ്ടതിലേറെ തന്നെന്നും ഇനിയും പണം സമ്പാദിക്കുന്നതിൽ അർഥമില്ലെന്നും തനേദാർ പറഞ്ഞു. ബിസിനസ് ഉപേക്ഷിച്ച് പൊതുസേവനത്തിനിറങ്ങേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനേദാർ മറാത്തിയിൽ എഴുതിയ പുസ്തകം ബെസ്റ്റ് സെല്ലറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.