വാഷിങ്ടൺ: ഗർഭധാരണത്തിന് ആറാഴ്ചക്കുശേഷമുള്ള ഗർഭഛിദ്രങ്ങൾ നിരോധിക്കുന്ന ബില്ലിൽ ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ ഗവർണർ റോൺ ഡിസാന്റിസ് ഒപ്പുവെച്ചു. ഗർഭഛിദ്രത്തിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ മാറ്റം കൊണ്ടുവരുന്നതാണ് നിയമം. വ്യാഴാഴ്ച രാത്രി ഫ്ലോറിഡയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ നിരോധനത്തിന് അംഗീകാരം നൽകിയതിനു പിന്നാലെയാണ് ഗവർണർ ഒപ്പിട്ടത്. ബലാത്സംഗത്തിനിരയായവർക്കും നിഷിദ്ധ ബന്ധത്തിലൂടെ ഗർഭം ധരിക്കുന്നവർക്കും നിയമം ഇളവ് നൽകുന്നുണ്ട്.
ബില്ലിനെ അനുകൂലിച്ച് 70 പേരും എതിർത്ത് 40 പേരും വോട്ട് ചെയ്തു. ഏപ്രിൽ മൂന്നിന് സംസ്ഥാന സെനറ്റിൽ ബിൽ പാസാക്കിയിരുന്നു. നിലവിലുള്ള 15 ആഴ്ചത്തെ നിരോധനത്തിനെതിരായ ഹരജിയിൽ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നതുവരെ നിയമം പ്രാബല്യത്തിൽ വരില്ല.
അതേസമയം, നിയമത്തിനെതിരെ വിമർശകർ രംഗത്തെത്തി. പല സ്ത്രീകളും ഗർഭിണിയാണെന്ന് അറിയുന്നത് ആറാഴ്ച മുമ്പാണ് എന്നാണ് എതിരാളികൾ വാദിക്കുന്നത്. എന്നാൽ, ഫ്ലോറിഡയിലെ ജനങ്ങളുടെ ജീവിതത്തെയും കുടുംബങ്ങളെയും പിന്തുണക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഗവർണർ പ്രസ്താവനയിൽ പറഞ്ഞു.
നിയമം മനുഷ്യജീവിതത്തിന്റെ അന്തസ്സിനെ സംരക്ഷിക്കുമെന്നും ഫ്ലോറിഡയെ കുടുംബത്തിന് അനുകൂലമായ ഒരു സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.എസിലെ സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം നൽകിയ ‘റോ വി വേഡ്’ കഴിഞ്ഞ വർഷം അസാധുവാക്കിയതിനുശേഷം ഗർഭഛിദ്രം തേടുന്നവർക്ക് സുരക്ഷിത താവളമായിരുന്നു ഫ്ലോറിഡ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.