ചിരി... കണ്ണീർ...ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് സിറിയൻ കുടുംബം ജീവിതത്തിലേക്ക്

ഇദ് ലിബ്: സ​ന്തോഷം കൂടുമ്പോൾ ആദ്യം ചിരിയും പിന്നീട് കരച്ചിലുമാണ് വരിക. സിറിയയിലെ ഈ കുടുംബാംഗങ്ങളുടെയും അവസ്ഥ അതായിരുന്നു. ആദ്യം രക്ഷപ്പെട്ട സന്തോഷം. പിന്നീട് ജീവൻ കിട്ടി, ഈലോകത്ത് ഇനിയും ജീവിക്കാമെന്ന ആവേശം... അത് കണ്ണുനീരായി ഒഴുകിയിറങ്ങി. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് അവർ രക്ഷാപ്രവർത്തകരുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് നടന്നുകയറി.

സിറിയയിലെ ഇദ് ലിബിലാണ് എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിച്ച രക്ഷാ പ്രവർത്തനം നടന്നത്. ഒരു കുടുംബത്തെ പൂർണമായും രക്ഷിക്കാനായി എന്നതാണ് സന്തോഷം ഇരട്ടിയാക്കിയത്. മൂന്ന് കുട്ടികളെയും രണ്ട് മുതിർന്നവരെയുമാണ് രക്ഷിച്ചത്.

വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഐവർ സംഘം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരെ രക്ഷിച്ച ഉടൻ രക്ഷാപ്രവർത്തകർ ഉൾപ്പെടെ കൂടി നിന്നവരെല്ലാം ദൈവത്തിന്റെ കാരുണ്യത്തെ പ്രകീർത്തിച്ചു. ‘ദൈവം വലിയവനാ’ണെന്ന് പറഞ്ഞുകൊണ്ടാണ് കുടുംബത്തെ കെട്ടിടാവശിഷ്ടങ്ങൾക്കടയിൽ നിന്ന് പുറംലോകത്തേക്ക് സ്വീകരിച്ചത്. ഉടൻ തന്നെ സമീപത്ത് തയാറാക്കിയ മൊബൈൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സകളും ഓക്സിജനും വെള്ളവും ഉൾപ്പെടെ നൽകി.

നിരവധി പേരുടെ മരണത്തിനിടയാക്കിയ തുർക്കി-സിറിയ ഭൂകമ്പത്തിൽ ഇ​പ്പോഴും രക്ഷാ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. നിരവധി മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാ പ്രവർത്തകർ കണ്ടെടുക്കുന്നുണ്ട്. അതിനിടെ ചിലരെ ജീവനോടെയും രക്ഷിക്കാനാകുന്നത് സന്തോഷം നൽകുന്നു.

Tags:    
News Summary - Smiles, Tears, Cries As Family Of 5 Rescued From Syria Quake Rubble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.