സോൾ: ഉത്തര കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് മറുപടിയായി ജപ്പാൻ കടലിൽ നാല് ഭൂതല മിസ്സൈലുകൾ തൊടുത്ത് ദക്ഷിണ കൊറിയയും യു.എസും. ജപ്പാൻ കടൽ എന്നറിയപ്പെടുന്ന കിഴക്കൻ കടലിലേക്ക് നാല് ഭൂതല മിസ്സൈലുകൾ തൊടുത്തു വിട്ടതായി കൊറിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ ഉത്തര കൊറിയ ജപ്പാൻ കടലിനു മുകളിൽ നടത്തിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് മറുപടിയായാണ് ഈ വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു. അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ ജപ്പാൻ കടലിനു മുകളിൽ മിസൈൽ വിക്ഷേപണം നടത്തുന്നത്.
അമേരിക്കയും ദക്ഷിണ കൊറിയയും രണ്ട് ആർമി ടാക്‌റ്റിക്കൽ മിസൈൽ സിസ്റ്റം (എ.ടി.എ.സി.എം.എസ്) മിസൈലുകൾ വീതമാണ് തൊടുത്തുവിട്ടതെന്ന് കൊറിയൻ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഉത്തര കൊറിയയുടെ നീക്കത്തിനെതിരെ ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്
യൂൻ സുക് യോൾ ശക്തമായ രീതിയിൽ പ്രതികരിച്ചിരുന്നു. ചൊവ്വാഴ്ച യു.എസും ദക്ഷിണ കൊറിയയും മഞ്ഞക്കടലിൽ ബോംബ് അഭ്യാസവും നടത്തിയിരുന്നു.
യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഉത്തരകൊറിയയുടെ പുതിയ പരീക്ഷണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.