ഇസ്ലാമാബാദ്: പാകിസ്താനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിനുവേണ്ടി അഭിഭാഷകനെ നിശ്ചയിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ അവസരം വേണമെന്ന് ഇന്ത്യ ഇസ്ലാമാബാദ് ഹൈകോടതിയിൽ ആവശ്യപ്പെട്ടു. പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷനു വേണ്ടി ഹാജരായ അഭിഭാഷകൻ ഷാനവാസ് നൂൺ ആണ് ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ഗൗരവ് അലുവാലിയക്ക് വിഷയത്തിൽ നിലപാട് വിശദീകരിക്കാൻ അവസരം വേണമെന്ന് ആവശ്യപ്പെട്ടത്.
അന്താരാഷ്ട്ര നീതിന്യായ കോടതി വിധി നടപ്പാക്കുന്നതിനായി, കേസിൽ ഇന്ത്യൻ സർക്കാറിെൻറ പ്രതികരണമറിയാൻ കാത്തിരിക്കുകയാണെന്ന് ൈഹകോടതി വ്യക്തമാക്കി. നയതന്ത്രജ്ഞന് കോടതി മുമ്പാകെ ഹാജരാകണമെങ്കിൽ അത് തികച്ചും സ്വീകാര്യമാണെന്നും ബെഞ്ച് അറിയിച്ചു. പക്ഷേ, അതിന് മുമ്പായി ഇന്ത്യ കേസിന് അഭിഭാഷകനെ ഏർപ്പെടുത്തണമെന്ന് അറ്റോണി ജനറൽ ഖാലിദ് ജാവേദ് ഖാൻ നിർദേശിച്ചു. ചാരക്കേസിൽ ശിക്ഷയനുഭവിച്ച മറ്റൊരു ഇന്ത്യൻ പൗരൻ ഇസ്മായിലിെൻറ കാര്യത്തിലും ഇന്ത്യക്ക് ആശങ്കയുള്ളതായി അഭിഭാഷകൻ നൂൺ അറിയിച്ചു. 2008ലാണ് ഗുജറാത്തിലെ കച്ച് ജില്ലക്കാരനായ ഇസ്മായിൽ സമ്മ അറിയാതെ അതിർത്തി കടന്ന് പാകിസ്താനിലെത്തിയത്.
ഇയാൾ കാലികളെ മേയ്ക്കുകയായിരുന്നു. തുടർന്ന് പാക് പിടിയിലായ ഇയാൾക്കു മേൽ ചാരക്കുറ്റം ആരോപിക്കുകയും 2011ൽ അഞ്ചു വർഷം തടവുശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു. നിലവിൽ ഇയാളുടെ ശിക്ഷാകാലാവധി പൂർത്തിയായിരിക്കുകയാണ്. ഈ വിഷയം ആഭ്യന്തര മന്ത്രാലയത്തിെൻറ പരിഗണനയിലാണെന്നും പ്രതികരണമറിയിക്കാൻ സമയം വേണമെന്നും അറ്റോണി പറഞ്ഞു.
അടുത്ത വാദംകേൾക്കൽ നടക്കുന്ന ജനുവരി 14ന് റിപ്പോർട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷാകാലവധി കഴിഞ്ഞ ശേഷം ആരെയും തടവിലിടേണ്ട കാര്യമില്ലെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കോടതി ഇടപെടുമെന്നും ജസ്റ്റിസ് മിനല്ല അറിയിച്ചു.
2017 ഏപ്രിലിലാണ് പാക് സൈനിക കോടതി റിട്ട. നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ ചാരക്കുറ്റവും ഭീകരതയും ആരോപിച്ച് വധശിക്ഷക്ക് വിധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.