പ്രശ്നപരിഹാരത്തിന് മൂന്നംഗ ഉപദേശക സമിതിയെ നിയമിച്ച് ശ്രീലങ്ക; ദൗത്യമിതാണ്

കൊളംബോ: ക്ഷാമവും കടക്കെണിയും പ്രതിസന്ധിയിലാക്കിയ ശ്രീലങ്കയിലെ സർക്കാർ പ്രമുഖ സാമ്പത്തിക, ധന വിദഗ്ധരടങ്ങിയ മൂന്നംഗ ഉപദേശക സമിതിയെ നിയമിച്ചു. കടക്കെണിയിൽനിന്ന് രക്ഷപ്പെടാനുള്ള വഴിതേടാനും അന്താരാഷ്ട്ര നാണയനിധിയുമായും മറ്റ് വായ്പാദാതാക്കളുമായും ആശയവിനിമയം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി.

ശ്രീലങ്കൻ സെൻട്രൽ ബാങ്ക് മുൻ ഗവർണറും കോമൺവെൽത്ത് സെക്രട്ടേറിയറ്റിലെ സാമ്പത്തിക കാര്യ വിഭാഗം മുൻ ഡയറക്ടറുമായ ഇന്ദ്രജിത് കൂമാരസ്വാമി, ജോർജ്‌ടൗൺ യൂനിവേഴ്‌സിറ്റിയിലെ പ്രഫസറും ലോകബാങ്കിന്റെ മുൻ ചീഫ് ഇക്കണോമിസ്റ്റുമായ ശാന്ത ദേവരാജൻ, ഐ.എം.എഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കപ്പാസിറ്റി ഡെവലപ്‌മെന്റ് മുൻ ഡയറക്‌ടറും ഐ.എം.എഫിന്റെ ആഫ്രിക്കൻ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ഷർമിനി കൂറി എന്നിവരാണ് പ്രസിഡന്റിന്റെ ഉപദേഷ്ടാക്കൾ.

ശ്രീലങ്കൻ സ്ഥാപനങ്ങളുമായും ഐ.എം.എഫുമായും ചർച്ച നടത്തുക, നിലവിലെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനും ശ്രീലങ്കയെ സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിക്കാനും മാർഗനിർദേശങ്ങൾ നൽകുക എന്നിവയാണ് ഇവരുടെ ഉത്തരവാദിത്തങ്ങളെന്ന് പ്രസിഡന്റിന്റെ മാധ്യമവിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

​അതേസമയം, പ്രസിഡന്റ് ഗോടബയ രാജപക്‌സ ഇതുവരെ പുതിയ ധനമന്ത്രിയെ നിയമിച്ചിട്ടില്ല. സഹോദരൻ ബേസിൽ രാജപക്‌സെയെ പുറത്താക്കി ധനമന്ത്രിയായി നിയമിച്ച അലി സാബ്രി ചൊവ്വാഴ്ച രാജിവെച്ചിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ചകൾക്ക് വാഷിങ്ടൺ സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ബേസിൽ രാജപക്‌സയെ പുറത്താക്കിയത്.

ഇന്ധനം, വാതകം, അവശ്യവസ്തുക്കൾ എന്നിവക്കായി ജനങ്ങൾ ഇനി നീണ്ടവരി നിൽക്കേണ്ടെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ ചർച്ച ചെയ്യാൻ സർക്കാർ പാർലമെന്ററി സംഘം ബുധനാഴ്ച പ്രധാനമന്ത്രി മഹിന്ദ രാജപക്‌സയുമായി കൂടിക്കാഴ്ച നടത്തിയതായും മന്ത്രി ഷെഹാൻ സേമസിംഗെ പറഞ്ഞു.

ഭരണകക്ഷി സഖ്യത്തിൽ നിന്ന് 42 അംഗങ്ങൾ വിട്ടുപോയിട്ടും സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സോമസിംഗെ. ഭൂരിപക്ഷം ദൃഢമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പ്രശ്‌നങ്ങളെ നേരിടുമെന്നും പ്രസിഡന്റ് ഗോടബയ രാജപക്‌സെ രാജി​വെക്കേണ്ട സാഹചര്യമില്ലെന്നും ബുധനാഴ്ച പാർലമെന്റിൽ സംസാരിച്ച ഗവ. ചീഫ് വിപ്പ് ജോൺസ്റ്റൺ ഫെർണാണ്ടോ പറഞ്ഞു.

പാചക വാതകം, മറ്റു ഇന്ധനങ്ങൾ, അവശ്യ സാധനങ്ങൾ എന്നിവയുടെ ക്ഷാമം ശ്രീലങ്കയിൽ രൂക്ഷമാണ്. പൊതുജന രോഷം ക്യാബിനറ്റ് മന്ത്രിമാരുടെയെല്ലാം രാജിയിലേക്കും നയിച്ചു. ജനകീയ പ്രതിഷേധം കണക്കിലെടുത്ത് പ്രസിഡന്റിന്റെ വസതി, പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ വസതി-ഓഫിസ്, പാർലമെന്റ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, ശ്രീലങ്കയിലേക്കുള്ള യാത്ര തീരുമാനം പുനഃപരിശോധിക്കണമെന്നും കൂടുതൽ ജാഗ്രത പുലർത്തത്തേണ്ടതുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുതുതായി ഇറക്കിയ യാത്രാനിർദേശത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

അതേസമയം, കൊളംബോയിലെ നാഷനൽ ആശുപത്രിക്ക് സമീപം ശ്രീലങ്കൻ സർക്കാർ ഡോക്ടർമാരും കന്യാസ്ത്രീകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇന്ത്യയുടെ സഹായമായി 76000 മെട്രിക് ടൺ പെട്രോൾ, ഡീഡൽ എന്നിവ ശ്രീലങ്കക്ക് കൈമാറിയതായി കൊളംബോയിലെ ഇന്ത്യൻ ഹൈകമീഷൻ അറിയിച്ചു. ഇതോടെ ഇന്ത്യ ശ്രീലങ്കക്ക് നൽകിയ ഇന്ധനസഹായം 2.70 ലക്ഷം മെട്രിക് ടണ്ണായി. ഫെബ്രുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒപ്പു​വെച്ച 500 ദശലക്ഷം ഡോളർ വായ്പയുടെ ഭാഗമാണിത്. 

Tags:    
News Summary - Sri Lanka appoints three-member advisory council to resolve issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.