കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്ക ഇന്ത്യയിൽനിന്ന് പുതിയ അടിയന്തര സഹായ അനുമതിക്കായി കാത്തിരിക്കുന്നു. ഈ സഹായത്തിന് ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്ന് ഊർജമന്ത്രി കാഞ്ചന വിജേശേഖര വെള്ളിയാഴ്ച പറഞ്ഞു.
ഇന്ത്യയിൽനിന്ന് പ്രതീക്ഷിക്കുന്ന 500 ദശലക്ഷം യു.എസ് ഡോളറിന്റെ വായ്പ ഉപയോഗിച്ച് അടുത്ത നാലു മാസത്തേക്ക് രാജ്യത്ത് പെട്രോളും ഡീസലും വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ്. ചെലവേറിയതാണെങ്കിലും ക്രൂഡ് ഓയിൽ വാങ്ങാൻ ക്രമീകരണം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. നേരത്തേ ഇന്ത്യ നൽകിയ 700 ദശലക്ഷം ഡോളർ സഹായത്തിന് കീഴിലുള്ള ഡീസലിന്റെ അവസാന ശേഖരം വ്യാഴാഴ്ച എത്തി. പുതിയ സാമ്പത്തിക സഹായത്തെക്കുറിച്ച് ആഴ്ചകൾക്ക് മുമ്പ് അനൗദ്യോഗിക വിവരം ലഭിച്ചെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെന്ന് വിജേശേഖര പറഞ്ഞു.
ഇന്ധനം സർക്കാർ വെട്ടിക്കുറച്ചതോടെ പമ്പുകളിൽ വൻനിരയാണ്. പ്രതിദിന ആവശ്യം 5,400 മെട്രിക് ടണ്ണായിരിക്കെ 3,000 മെട്രിക് ടൺ ഡീസൽ മാത്രമാണ് വിതരണം ചെയ്യുന്നത്. 3,400 മെട്രിക് ടൺ പെട്രോൾ വേണ്ടിടത്ത് പ്രതിദിനം 2,600 മെട്രിക് ടൺ മാത്രമാണ് വിതരണം ചെയ്യുന്നത്. ഗതാഗത തടസ്സം കണക്കിലെടുത്ത് എല്ലാ സ്കൂളുകൾക്കും വെള്ളിയാഴ്ച പ്രത്യേക അവധി അനുവദിച്ചു. ഇന്ധനക്ഷാമം കാരണം 20 ശതമാനം സർവിസുകൾ മാത്രമാണ് നടത്തുന്നതെന്ന് സ്വകാര്യ ബസുടമകൾ പറഞ്ഞു. ജൂലൈ മുതൽ നാലുമാസത്തേക്ക് 3,500 മെട്രിക് ടൺ എൽ.പി.ജി വാങ്ങലിന് ഇന്ത്യയുടെ വായ്പ സഹായകമാകുമെന്നാണ് കരുതുന്നത്.
അതിനിടെ ശ്രീലങ്കയുടെ മുൻ ധനമന്ത്രിയും പ്രസിഡന്റ് ഗോടബയ രാജപക്സയുടെ സഹോദരനുമായ ബേസിൽ രാജപക്സയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്.
കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് ഓൺലൈൻ പത്രമായ ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു. ഏപ്രിലിൽ കോവിഡ് ബാധിച്ച് ബേസിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.