പ്രക്ഷോഭം അടിച്ചമർത്താന്‍ ശ്രമിച്ച മഹിന്ദ രാജപക്‌സയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

കൊളംബോ: ശ്രീലങ്കയിൽ സമാധാനപരമായി നടന്ന പ്രക്ഷോഭത്തെ അടിച്ചമർത്താന്‍ ശ്രമിച്ചതിന് മുൻ പ്രധാനമന്ത്രി മഹrന്ദ രാജപക്‌സ ഉൾപ്പടെ ആറ് പേരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. കൊളംബോ മജിസ്‌ട്രേറ്റ് കോടതിക്ക് അറ്റോർണി സെനക പെരേരയാണ് പരാതി നൽകിയത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഭരണനേതൃത്വം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധം നടന്നിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ കടുത്ത ആക്രമണങ്ങളാണ് മഹിന്ദ രാജപക്‌സയുടെ അനുയായികൾ നടത്തിയത്.

മഹിന്ദ രാജപക്‌സ, പാർലമെന്റ് അംഗങ്ങളായ ജോൺസ്റ്റൺ ഫെർണാണ്ടോ, സഞ്ജീവ എദിരിമന്നെ, സനത് നിശാന്ത, മൊറട്ടുവ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സമൻ ലാൽ ഫെർണാണ്ടോ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ ദേശബന്ധു തെന്നക്കോൺ, ചന്ദന വിക്രമരത്‌നെ എന്നിവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയണമെന്നാണ് ഹരജിയിലെ ആവശ്യം.മഹിന്ദ രാജപക്‌സക്കെതിരെയുള്ള ഹരജി മെയ് 17ന് പരിഗണിക്കാന്‍ കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റായ തിലിന ഗമഗെ ഉത്തരവിട്ടിട്ടുണ്ട്.

1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ആവശ്യ വസ്തുക്കളുടെ ദൗർലഭ്യം, വിലക്കയറ്റം, നീണ്ട പവർകട്ട് തുടങ്ങിയ പ്രശ്നങ്ങൾ കാരണം ദുരിതത്തിലായ ജനങ്ങൾ സർക്കാറിനെതിരെ രംഗത്തിറങ്ങുകയായിരുന്നു. പ്രതിസന്ധിക്ക് കാരണക്കാരായ സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു മാസത്തിലേറെയായി പ്രതിഷേധം തുടരുകയാണ്.

ഇതേതുടർന്ന് മന്ത്രിസഭയെ പിരിച്ചുവിട്ട് പ്രസിഡന്‍റ് ഗോടബയ രാജപക്സ യുവാക്കളുടെ മന്ത്രിസഭ രൂപീകരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഗോടബയയുടെ സഹോദരൻ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റിരുന്നു.

Tags:    
News Summary - Sri Lanka: Complaint filed for arrest of ex-PM Mahinda Rajapaksa, 6 others in attack on peaceful protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.