ശ്രീലങ്ക: പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വിശ്വസ്തരും

കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ രാജിയാവശ്യപ്പെട്ട് മന്ത്രിസഭയിലെ വിശ്വസ്തരും മുതിർന്ന പാർട്ടി അംഗങ്ങളും രംഗത്ത്. രാജപക്സ സഹോദരങ്ങളുടെ രാജിയാവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ പിന്തുണക്കുന്നതായി മാധ്യമ മന്ത്രി നാലാ ഗോദഹെവ ശനിയാഴ്ച അറിയിച്ചു. സമ്മർദം ശക്തമായതോടെ സഹോദരങ്ങളായ ചമൽ, ബാസിൽ, അനന്തരവൻ നമൽ എന്നിവരെ പുറത്താക്കിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ സമരക്കാർ തയാറായില്ല.

പ്രസിഡന്റ് ഗോടബയ രാജപക്സ മഹിന്ദയെ പുറത്താക്കി ഇടക്കാല സർക്കാർ രൂപവത്കരിക്കണമെന്ന് ഗോദഹേവ ആവശ്യപ്പെട്ടു. പ്രതിഷേധകനെ പൊലീസ് കൊലപ്പെടുത്തിയതോടെ സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും താൻ രാജിവെക്കാൻ സന്നദ്ധത അറിയിച്ചിട്ടും പ്രസിഡന്റ് സ്വീകരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ മാധ്യമ മന്ത്രിയും മന്ത്രിസഭ വക്താവുമായ ഡുളാസ് അലഹപ്പെരുമ ഉൾപ്പെടെ ഭരണകക്ഷിയിലെ മുതിർന്ന അംഗങ്ങളും പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പാർട്ടികളെയും ഉൾക്കൊള്ളിച്ച് ഇടക്കാല സർക്കാർ രൂപവത്കരിക്കണമെന്നും അലഹപ്പെരുമ പറഞ്ഞു. പ്രതിഷേധകൻ കൊല്ലപ്പെട്ട റാംബുക്കാനയിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

ഇടക്കാല സർക്കാർ ആവശ്യം തള്ളി രാജപക്സ

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രീലങ്കയിൽ ഇടക്കാല സർക്കാർ രൂപവത്കരിക്കണമെന്ന പ്രതിഷേധകരുടെ ആവശ്യം പ്രധാനമന്ത്രി മഹിന്ദ രാജപക്സ തള്ളി. അത്തരം രാഷ്ട്രീയ നീക്കങ്ങൾകൊണ്ട് പ്രയോജനമില്ലെന്നും മഹിന്ദ ചൂണ്ടിക്കാട്ടി.


പ്രസിഡന്റ് ഗോടബയ രാജപക്സയുടെയും പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെയും രാജിയാവശ്യപ്പെട്ടാണ് ഏപ്രിൽ ഒമ്പതു മുതൽ ജനങ്ങൾ പ്രതിഷേധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ജനങ്ങൾ കുറെക്കൂടി ക്ഷമ കാണിക്കണം. ചർച്ചക്ക് സന്നദ്ധമല്ലെന്നതിനാലാണ് അവർ പ്രതിഷേധം തുടരുന്നത്. തന്റെ രാജിക്കായുള്ള ആവശ്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അത് ന്യൂനപക്ഷ വിഭാഗത്തിന്റെ ആവശ്യം മാത്രമാകാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - Sri Lanka: Loyalists demand resignation of PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.