കൊളംബോ: 2012 നവംബറിൽ കൊളംബോയിലെ വെലിക്കട ജയിലിൽ, വധശിക്ഷ രീതിയിൽ 27 തടവുകാരെ കൂട്ടക്കൊല ചെയ്ത കേസിൽ ശ്രീലങ്കയിലെ ഉന്നത ജയിൽ ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചു.
കൊളംബോ ഹൈകോടതി ബുധനാഴ്ച ജയിൽ കമീഷണർ എമിൽ ലമാഹെവഗെ കുറ്റക്കാരനാണെന്ന് വിധിക്കുകയും കൊലപാതകങ്ങളിൽ സഹപ്രതിയായ പൊലീസ് കമാൻഡോ മോസസ് രംഗജീവയെ വെറുതെവിടുകയും ചെയ്തിരുന്നു.
2019 ജൂലൈയിൽ ആണ് കൊലപാതകങ്ങൾക്ക് ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയത്. ആകെ 27 പേർ വെടിയേറ്റ് മരിച്ചെങ്കിലും എട്ടു പേർക്കെതിരെ മാത്രമാണ് തെളിവുകൾ ശേഖരിച്ചത്. ജയിലിൽ നടന്ന കലാപം അടിച്ചമർത്താനും ആയുധപ്പുരയിൽനിന്ന് ആയുധമെടുത്തെന്ന് ആരോപിക്കപ്പെട്ട തടവുകാരെ നിരായുധരാക്കാനും പൊലീസ് കമാൻഡോകളെ ഉപയോഗിച്ചു. സ്റ്റേറ്റ് പ്രോസിക്യൂട്ടർ പറയുന്നതനുസരിച്ച് എട്ടു തടവുകാരെ പേരെടുത്ത് വിളിച്ച് വധശിക്ഷ രീതിയിൽ കൊലപ്പെടുത്തി.മറ്റുള്ളവർ വെടിയേറ്റുമാണ് മരിച്ചത്. കോടതി രേഖകൾ പ്രകാരം, ഇരകൾ ജയിൽ ഗാർഡുകൾക്ക് നേരെ വെടിയുതിർക്കാൻ ശ്രമിച്ചെന്ന് വരുത്താൻവേണ്ടി ആയുധങ്ങൾ ഉപയോഗിച്ചു.
എന്നാൽ, ആരാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ട കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടവർ ശ്രീലങ്കയിലെ ദേശീയ മ്യൂസിയത്തിലും ക്ഷേത്രത്തിലും മോഷണം നടത്തിയതിന്‍റെ പേരിൽ തടവിലാക്കപ്പെട്ടവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.