കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സെയുടെയും പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെയും രാജി ആവശ്യപ്പെട്ട് പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന് എതിർവശത്തുള്ള തെരുവ് പ്രതിഷേധം തിങ്കളാഴ്ച 17ാം ദിവസത്തിലേക്ക് കടന്നു.
ഭരണകക്ഷികൾ പ്രതിപക്ഷ പാർട്ടികളുമായും പ്രതിഷേധക്കാരുമായും ചർച്ച നടത്തിയെങ്കിലും സർക്കാർ രാജിവെക്കണമെന്ന ആവശ്യത്തിൽ പ്രക്ഷോഭകർ ഉറച്ചുനിന്നതിനാൽ ചർച്ച അലസി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കുറഞ്ഞത് 400 കോടി യു.എസ് ഡോളറെങ്കിലും ആവശ്യമാണ്. സാമ്പത്തിക സഹായത്തിനായി ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായും ചർച്ചകൾ നടക്കുകയാണ്.
അന്താരാഷ്ട്ര നാണയ നിധിയുമായി ചർച്ചക്ക് ശ്രീലങ്കൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച വാഷിങ്ടണിൽ പോയി. അതിനിടെ, ഇടക്കാല സർക്കാർ രൂപവത്കരിക്കാൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സെ സമ്മതിച്ചതായി മുതിർന്ന ബുദ്ധസന്യാസി തിങ്കളാഴ്ച അവകാശപ്പെട്ടു.
ഇടക്കാല സർക്കാർ രൂപവത്കരിക്കാൻ മന്ത്രിസഭയെ പിരിച്ചുവിടാൻ രാജപക്സെയോട് ആവശ്യപ്പെട്ട് ഏപ്രിൽ നാലിന് നാല് ബുദ്ധമത സന്യാസി വിഭാഗങ്ങളുടെ മുഖ്യ സന്യാസിമാർ അയച്ച കത്തിനുള്ള മറുപടിയിലാണിതുള്ളതെന്ന് ഒരു വിഭാഗത്തിന്റെ ചീഫ് രജിസ്ട്രാർ മദഗോഡ ധമ്മാനന്ദ പറഞ്ഞു. അനുകൂല പ്രതികരണമില്ലെങ്കിൽ സർക്കാർ വിരുദ്ധ ശാസന പുറപ്പെടുവിക്കുമെന്ന് സന്യാസിമാർ ഭീഷണിപ്പെടുത്തിയിരുന്നു.
മാൽവത്തു, അസ്ഗിരി, അമരപുര, രാമന്യ എന്നീ നാല് ബുദ്ധ സന്യാസി വിഭാഗങ്ങൾക്ക് ശ്രീലങ്കയിൽ വൻ സ്വാധീനശക്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.