കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി ഡോക്ടർമാരുടെ കൂട്ടായ്മ. ശ്രീലങ്കയിൽ ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യത കുറയുകയാണെന്നും മരുന്നുക്ഷാമം കോവിഡിനെക്കാൾ 'മോശമായ' മരണസംഖ്യയിലേക്ക് രാജ്യത്തെ എത്തിച്ചേക്കുമെന്നും ശ്രീലങ്ക മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി. ആശുപത്രികളിൽ പ്രധാനപ്പെട്ട മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമല്ലെന്നും അസോസിയേഷൻ അറിയിച്ചു.
രാജ്യത്തെ ആരോഗ്യമേഖല നേരിടുന്ന പ്രതിസന്ധികൾ വിവരിച്ച് മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് ഗോടബയ രാജപക്‌സക്ക് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. "മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും പ്രതിസന്ധി മൂലം വളരെയധികം മാനസിക പ്രയാസമുണ്ടാക്കുന്ന നടപടികളെടുക്കാൻ ഞങ്ങൾ നിർബന്ധിക്കപ്പെടുകയാണ്. ആർക്കാണ് ചികിത്സ നൽകേണ്ടതെന്നും ആർക്കാണ് ചികിത്സ നിഷേധിക്കേണ്ടതെന്നും തീരുമാനിക്കേണ്ടി വരികയാണ്. ദിവസങ്ങൾക്കുള്ളിൽ ഈ പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ അപകടം വളരെ വലുതായിരിക്കും" -കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയായ ഗോടബയ രജപക്സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യത്ത് ശക്തമാവുകയാണ്. ലങ്ക നിലവിൽ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാന്‍ അന്താരാഷ്ട്ര നാണയനിധി മൂന്ന് ബില്യൺ ഡോളർ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പുതിയ വിദേശകാര്യ മന്ത്രി അലി സബ്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.