ഡൽഹി പൊലീസ് കേസെടുത്തതിന് പിന്നാലെ നിലപാടിൽ ഉറച്ച് ഗ്രെറ്റ തുൻബർഗിന്‍റെ പ്രഖ്യാപനം. ഞാനിപ്പോഴും കർഷകർെകാപ്പം തന്നെ എന്നാണ് ഗ്രെറ്റ പുതിയ ട്വീറ്റിൽ കുറിച്ചത്. 'ഞാനിപ്പോഴും കർഷകർക്കൊപ്പം തന്നെ. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിദ്വേഷമോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ ആ തീരുമാനത്തെ ഒരിക്കലും മാറ്റില്ല'-ഫാർമേഴ്സ് പ്രൊട്ടെസ്റ്റ് എന്ന ഹാഷ്ടാഗിൽ ഗ്രെറ്റ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ട്വീറ്റിട്ട സ്വീഡിഷ് കൗമാര കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. 'ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ശത്രുത വളർത്തുന്നുവെന്നും' ആരോപിച്ചായിരുന്നു ഡൽഹി പൊലീസ് നടപടി.
ചൊവ്വാഴ്ച രാത്രിയാണ് ഗ്രെറ്റ ആദ്യ ട്വീറ്റ് ചെയ്തത്. 'ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു' എന്നായിരുന്നു ട്വീറ്റ്. കർഷക പ്രതിഷേധത്തെ കുറിച്ചും ഡൽഹി അതിർത്തികളിൽ ഇൻറർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ കുറിച്ചും വിവരിക്കുന്ന സി.എൻ.എന്നിൽ വന്ന ലേഖനവും പങ്കുവെച്ചിരുന്നു.
I still #StandWithFarmers and support their peaceful protest.
— Greta Thunberg (@GretaThunberg) February 4, 2021
No amount of hate, threats or violations of human rights will ever change that. #FarmersProtest
പോപ് ഗായിക റിഹാന കർഷകരെ പിന്തുണച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ഗ്രെറ്റയും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. വൈകാതെ കർഷക പ്രതിഷേധത്തെ പിന്തുണക്കാൻ സഹായകരമായ തരത്തിൽ പുതുക്കിയ ടൂൾ കിറ്റും ഗ്രെറ്റ അവതരിപ്പിച്ചു. സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നും വീശദീകരിക്കുന്നതാണ് ടൂള്‍കിറ്റ് രേഖ.എന്തുകൊണ്ടാണ് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കാത്തതെന്ന് ചോദിച്ചായിരുന്നു കർഷക സമരത്തെ കുറിച്ചുള്ള വാർത്ത പങ്കുവെച്ചുകൊണ്ട് പോപ് ഗായിക റിഹാന കർഷകർക്ക് പിന്തുണ അറിയിച്ചത്.
കർഷകരെ പിന്തുണച്ച് ട്വീറ്റിട്ട യോഗിത ഭയാനയെന്ന സാമൂഹികപ്രവർത്തകക്കെതിരെയും ഡൽഹി പൊലീസ് കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. കൂടാതെ ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞ മാസം 30ന് കോൺഗ്രസ് എം.പി ശശി തരൂർ, ദി കാരവൻ മാഗസിൻ, മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ് എന്നിവർക്കെതിരെയും ഡൽഹി പൊലീസ് കേസെടുത്തിരുന്നു. ഇവർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.