ജോഹന്നസ്ബർഗ്: ഡെൽറ്റ, ബീറ്റ വേരിയന്‍റുകളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷിയെന്ന് പഠനം. ദക്ഷിഫ്രിക്കൻ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. രാജ്യത്ത് ലഭ്യമായ സാമ്പിളുകൾ ഉപയോഗിച്ചായിരുന്നു പഠനം. പഠനം മെഡിക്കൽ പ്രീപ്രിന്‍റിൽ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കിലും വിദഗ്ധരുടെ മേൽനോട്ടത്തിന് ഇതുവരെ വിധേയമായിട്ടില്ല.
ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായതായി സംശയമുണ്ട്. മൂന്നു തരംഗങ്ങളിലും ആദ്യം അണുബാധ റിപ്പോർട്ട് ചെയ്ത വ്യക്തികളിൽ സമീപകാലത്ത് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ എപിഡെമോളജിക്കൽ മോഡലിങ് ആൻഡ് അനാലിസിസ് ഡയറക്ടർ ജൂലിയറ്റ് പിള്ള്യം ട്വീറ്റ് ചെയ്തു.
വാക്സിൻ സ്വീകരിച്ചവരുമായി ബന്ധപ്പെടുത്തി പഠനം നടന്നിട്ടില്ലാത്തതിനാൽ വാക്സിനെടുത്തവരെ ഒമിക്രോൺ എങ്ങനെ ബാധിക്കുമെന്ന് അറിയില്ലെന്നും ജൂലിയറ്റ് പിള്ള്യം ട്വീറ്റ് ചെയ്തു.
നേരത്തെ, ഒമിക്രോൺ കേസുകളിൽ വൻ വർധനയുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിലവിലുള്ള കോവിഡ് വാക്‌സിനുകൾ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണ് എന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയടക്കം 24 ലേറെ രാഷ്ട്രങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.