ഖർത്തൂം: സുഡാൻ തലസ്ഥാന നഗരത്തിൽ ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമായതോടെ പ്രധാനമന്ത്രി അബ്ദുല്ല ഹംദൂക് രാജിവെച്ചു. തന്നെ പുറത്താക്കി അധികാരം പിടിച്ച സൈന്യത്തിൽനിന്ന് ഭരണച്ചെങ്കോൽ തിരികെക്കിട്ടാൻ ഒപ്പുവെച്ച അധികാരം പങ്കിടൽ കരാറിനെതിരെ തെരുവുകൾ പ്രക്ഷുബ്ധമായതോടെയാണ് മറ്റുവഴികളില്ലാതെ രാജി.
കഴിഞ്ഞ ഒക്ടോബറിലാണ് ഹംദൂക്കിനെ വീട്ടുതടങ്കലിലാക്കി സൈന്യം അധികാരം പിടിച്ചത്. നവംബർ 21ന് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ഹംദൂക്, സൈന്യവുമായി ഭരണം പങ്കിടുന്ന കരാറിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, അധികാരം ജനത്തിനാണെന്നും സൈന്യവുമായി പങ്കിടൽ രാജ്യദ്രോഹമാണെന്നും പറഞ്ഞ് ജനം തെരുവിലിറങ്ങി.
ആഴ്ചകളായി തുടരുന്ന സമരം കൂടുതൽ രക്തരൂഷിതമായി മാറിയതോടെയാണ് ഹംദൂക്കിന്റെ രാജി. പ്രഖ്യാപനം തിങ്കളാഴ്ചയാണെങ്കിലും സന്നദ്ധത ആഴ്ചകൾക്കുമുമ്പേ പരസ്യമാക്കിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഏറെയായി ഭരണാധികാരിയായിരുന്ന ഉമർ അൽ ബശീർ 2019ൽ ഭരണമൊഴിഞ്ഞ് ആറുമാസത്തിനു ശേഷം അധികാരമേറിയതായിരുന്നു ഹംദൂക്. സൈന്യം ഭരണം പിടിച്ചതിനുപിന്നാലെ ഒപ്പുവെച്ച കരാർ മന്ത്രിസഭയിൽ അപസ്വരങ്ങൾ സൃഷ്ടിച്ചിരുന്നു. കരാർ പ്രാബല്യത്തിലായെന്ന പ്രഖ്യാപനം വന്നയുടൻ 12 കാബിനറ്റ് മന്ത്രിമാർ കൂട്ടരാജി പ്രഖ്യാപിച്ചു. ഭരണ പ്രതിസന്ധി മറികടക്കാൻ മറ്റു മാർഗങ്ങളില്ലെന്നുവന്നതോടെ ഹംദൂക് രാജിവെച്ചൊഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.