ലണ്ടൻ: ലിസ് ട്രസ് സർക്കാരിൽ നിന്ന് പുറത്തായ സുയല്ല ബ്രേവർമാനെ തിരിച്ചെടുത്തതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെതിരെ പ്രതിഷേധം. ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയാണ് ഋഷി സുനക്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചുമതലയേറ്റത്. പുതിയ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറിയായാണ് ഇന്ത്യൻ വംശജയായ സുയല്ലയെ നിയമിച്ചത്.
കൺസർവേറ്റീവ് പാർട്ടിയുടെ സത്യസന്ധതയെയും പ്രഫഷനലിസത്തെയും ഉത്തരവാദിത്ത ബോധത്തെയും ചോദ്യം ചെയ്യുന്നതാണ് സുയല്ലയുടെ നിയമനമെന്ന് ആക്ഷേപമുയർന്നു. സർക്കാർ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് സുയല്ല ലിസ് സർക്കാരിൽ നിന്ന് കഴിഞ്ഞാഴ്ച രാജിവെച്ചത്. പൊതുജനങ്ങളുടെ ജീവന് തരിമ്പും വില കൽപിക്കാത്ത ഒരാളെ വീണ്ടും ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് അന്തസിന് നിരക്കാത്തതാണെന്ന് നിരവധി പേർ തുറന്നടിച്ചു.
സർക്കാർ ആവശ്യത്തിനായി സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ചതാണ് സുയല്ലയുടെ മന്ത്രിസ്ഥാനം തെറിച്ചത്. മന്ത്രിയായി ചുമലയേറ്റ ശേഷം സുയല്ല ഇന്ത്യക്കാർക്കെതിരെ നടത്തിയ പരാമർശവും വിമർശനത്തിനിടയാക്കിയിരുന്നു. ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാരിൽ കൂടുതലും ഇന്ത്യക്കാരാണ് എന്നായിരുന്നു പരാമർശം. സുയല്ലയെ കൂടാതെ മുൻ ധനകാര്യ സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടിനെയും ഋഷി സുനക് തന്റെ മന്ത്രിസഭയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.