വാഷിങ്ടൺ: ക്രിസ്മസ് ദിനത്തിൽ അമേരിക്കയിലെ നാഷ്വില്ലെയിൽ എ.ടി ആൻഡ് ടി സംപ്രേഷണ കേന്ദ്രത്തിന് സമീപമുണ്ടായ ബോംബ് സ്ഫോടനം ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ചു. അമേരിക്കക്കാരനായ 63കാരൻ ആൻറണി ക്വിൻ വാർണറാണ് ചാവേറായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റെങ്കിലും മരണം ഒഴിവായി. സംപ്രേഷണ കേന്ദ്രത്തിന് കേടുപാടുകളുമുണ്ടായി.
ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച വാൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആൻറണി ക്വിന്നിലേക്ക് എത്തിച്ചത്. സ്ഫോടനത്തിൽ ക്വിന്നും കൊല്ലപ്പെട്ടിരുന്നു. ഡി.എൻ.എ പരിശോധനയും സ്ഥലത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളും ആൻറണി ക്വിൻ തനിച്ചാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചു. പ്രദേശത്തുള്ളവർ ഒഴിഞ്ഞുപോകണമെന്ന ആഹ്വാനത്തിനു തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്.
എന്നാൽ, അക്രമിയുടെ ലക്ഷ്യമെന്താണെന്നും എവിടെ നിന്നാണ് സ്ഫോടക വസ്തുക്കൾ കിട്ടിയതെന്നും വ്യക്തമല്ല. ലോകത്തിെൻറ പല ഭാഗങ്ങളിലും ചാവേർ ആക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.
5ജി സാങ്കേതിക വിദ്യയിലൂടെ അമേരിക്കൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനിടയുണ്ടെന്ന ആരോപണത്തെ തുടർന്ന് ജനങ്ങൾക്കിടയിൽ ഭീതി പരന്നിട്ടുണ്ടെന്നും അതിനെതിരെ ആയിരിക്കാം ചാവേറാക്രമണം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.