ബ്രസീലിയ: ബ്രസീൽ തലസ്ഥാനത്ത് നടന്ന കലാപത്തിൽ മുൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ പങ്ക് അന്വേഷിക്കാൻ ബ്രസീലിയൻ സുപ്രീം കോടതി ജഡ്ജി ഉത്തരവ്. ജനുവരി എട്ടിന് നടന്ന കലാപത്തിൽ ബോൾസോനാരോയുടെ പങ്ക് അന്വേഷിക്കാനാണ് നിർദേശം.
ജനുവരി 10 ന് മുൻ പ്രസിഡന്റ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വോട്ടർ തട്ടിപ്പ് ഗൂഢാലോചന സിദ്ധാന്തങ്ങളുടെ വീഡിയോ ഉദ്ധരിച്ച് ബ്രസീലിയൻ പ്രോസിക്യൂട്ടർമാർ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ഇത് ജസ്റ്റിസ് അലക്സാണ്ടെർ ഡി മൊറെസ് അംഗീകരിച്ചതായി ബ്ലൂബർഗ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുസംബന്ധിച്ച വിഡിയോ മണിക്കൂറുകൾക്ക് ശേഷം മുൻ പ്രസിഡന്റിന്റെ അക്കൗണ്ടിൽ നിന്ന് നീക്കംചെയ്തിരുന്നു.
പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ അനുയായികൾ ബ്രസീലിയയിലെ സർക്കാർ കെട്ടിടങ്ങൾ ആക്രമിച്ചതുമായ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂട്ടർമാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വീഡിയോ പുതിയ കലാപത്തിന് പ്രേരിപ്പിക്കുമെന്നും പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു.
ജനുവരി 8ന് ആയിരക്കണക്കിന് ബോൾസോനാരോ അനൂകുലികൾ സുപ്രീംകോടതിയും പ്രസിഡൻഷ്യൽ കൊട്ടാരവും തകർത്തതോടെയാണ് ബ്രസീലിൽ കലാപമുണ്ടായത്. ബോൾസോനാരോയെ അധികാരത്തിലെത്തിക്കാനും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സർക്കാറിനെ അട്ടിമറിക്കാനുമായിരുന്നു കലാപമെന്ന ആരോപണം ഉയർന്നിരുന്നു.
എന്നാൽ, ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് ഒരു പങ്കാളിത്തമോ ബന്ധമോ ഉണ്ടായിരുന്നില്ല എന്ന് ബോൾസോനാരോയുടെ അഭിഭാഷകനായ ഫ്രെഡറിക് വാസ്സെവ് വാദിച്ചു. ബോൾസോനാരോയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ നേരിയ വോട്ടിന് പരാജയപ്പെടുത്തിയതോടെയാണ് കലാപം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.