സ്റ്റോക്ഹോം: രണ്ട് പ്രതികളെ തങ്ങൾക്ക് കൈമാറണമെന്ന തുർക്കിയയുടെ ആവശ്യം സ്വീഡനിലെ പരമോന്നത കോടതി തള്ളി. പ്രതികൾ ചെയ്ത പ്രവൃത്തി തങ്ങൾ കുറ്റമായി കണക്കാക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് സ്വീഡിഷ് കോടതി തുർക്കിയയുടെ ആവശ്യം തള്ളിയത്. നാറ്റോ സൈനിക സഖ്യത്തിൽ സ്വീഡൻ ചേരുന്നതിലുള്ള തടസ്സം തിങ്കളാഴ്ച തുർക്കിയ നീക്കിയതിന് പിറകെയാണ് കോടതി വിധി.
തങ്ങൾ ഭീകര സംഘമായി പ്രഖ്യാപിച്ച അമേരിക്ക കേന്ദ്രമായുള്ള ഫത്ഹുല്ല ഗുലൻ മൂവ്മെന്റിൽ ചേർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ വിട്ടുകിട്ടണമെന്ന് തുർക്കിയ ആവശ്യപ്പെട്ടത്.
ഗുലൻ സംഘം ഉപയോഗിക്കുന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് ഇവർ ഉപയോഗിച്ചതായും തുർക്കിയ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത് സ്വമേധയാ കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കൈമാറാൻ സ്വീഡിഷ് കോടതി വിസമ്മതിച്ചത്. 2016ൽ തുർക്കിയയിൽ നടന്ന സൈനിക അട്ടിമറി ശ്രമത്തിനുപിറകിൽ ഗുലൻ മൂവ്മെന്റാണെന്നാണ് തുർക്കിയയുടെ ആരോപണം. അതേസമയം, നാറ്റോ സൈനിക സഖ്യത്തിൽ സ്വീഡൻ ചേരുന്നതിലുള്ള എതിർപ്പ് തിങ്കളാഴ്ചയാണ് തുർക്കിയ പിൻവലിച്ചത്. സഖ്യത്തിൽ ചേരാനുള്ള സ്വീഡന്റെ അപേക്ഷ തുർക്കിയയുടെ എതിർപ്പിനെത്തുടർന്ന് ഒരു വർഷമായി മാറ്റിവെച്ചിരിക്കുകയായിരുന്നു.
നാറ്റോ ഉടമ്പടി പ്രകാരം സഖ്യത്തിലെ മുഴുവൻ അംഗങ്ങളുടെയും അനുമതിയുണ്ടെങ്കിൽ മാത്രമേ പുതുതായി ഒരു രാജ്യത്തെ ചേർക്കാൻ കഴിയൂ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് സ്വീഡനും ഫിൻലൻഡും നാറ്റോ സൈനിക സഖ്യത്തിൽ ചേരുന്നതിന്റെ ഭാഗമായി ഭീകരവിരുദ്ധ നിയമങ്ങൾ കർക്കശമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.