ഡമസ്കസ്: 'ഐ.എസ് നേതാവ് ഈ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല'. യു.എസ് വ്യോമാക്രമണത്തിൽ തകർന്ന സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ മൂന്നുനിലകെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ചൂണ്ടി തദ്ദേശവാസികളിലൊരാൾ പറഞ്ഞു.
ഐ.എസ് തലവൻ അബു ഇബ്രാഹിം അൽ ഹാശിമിയാണ് വീടിനു തൊട്ടടുത്ത് താമസിച്ചിരുന്നതെന്ന് യു.എസ് സേന എത്തിയപ്പോഴാണ് മനസിലായതെന്ന് സമീപത്ത് താമസിക്കുന്ന മഹ്മൂദ് ഷെഹ്ദേഹ് പറഞ്ഞു. ഹെലികോപ്റ്ററിന്റെ ശബ്ദം കേട്ടപ്പോൾ ആദ്യം കൊടുങ്കാറ്റാണെന്നാണ് കരുതിയത്. വീടിനു പുറത്തിറങ്ങിയപ്പോൾ സൈനികരെയും ഹെലികോപ്റ്ററുകളെയും കണ്ടു.
അൽഖാഇദ നേതാവിനെ തേടിയെത്തിയതാണ് അവർ എന്നാണ് ആളുകൾ വിചാരിച്ചത്. യു.എസ് സേന നടത്തിയ ആക്രമണം രണ്ടുമണിക്കൂറോളം നീണ്ടതായും തദ്ദേശവാസികൾ വിവരിക്കുന്നു.
കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് അബൂ ഇബ്രാഹിമിനെ കൊലപ്പെടുത്തിയതെന്നാണ് യു.എസ് അവകാശപ്പെടുന്നത്. കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് അബൂ ഇബ്രാഹിം താമസിച്ചിരുന്നത്. ഒന്നാംനിലയിലെ താമസക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കോമ്പൗണ്ടിൽ ബോംബിടുന്നതിനു പകരം സൈന്യം റെയ്ഡ് നടത്തി.
പിടിക്കപ്പെടുമെന്ന് മനസിലായതോടെ അബൂ ഇബ്രാഹിം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.വ്യാഴാഴ്ച പുലർച്ചെയായിരുന്നു യു.എസ് സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.