കാബൂൾ: അഫ്ഗാനിസ്താനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ രീതിയിൽ പരിഷ്കാരങ്ങളുമായി താലിബാൻ ഭരണകൂടം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഒരു ക്ലാസ്മുറിയിൽ പഠിക്കുന്ന സമ്പ്രദായം ഇനിയില്ല. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുൽ ബാഖി ഹഖാനിയാണ് പുതിയ പരിഷ്കാരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
ബിരുദാനന്തര ബിരുദമടക്കമുള്ള കോഴ്സുകളിൽ പെൺകുട്ടികൾക്ക് പഠനം പുനരാരംഭിക്കാം. എന്നാൽ ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിർബന്ധമാണ്. അതേസമയം പെൺകുട്ടികൾ മുഖം മറയ്ക്കണം എന്നതിനെ പറ്റി ഹഖാനി വ്യക്തത വരുത്തിയില്ല.
പെൺകുട്ടികളെ പഠിപ്പിക്കാൻ വനിത അധ്യാപകരുണ്ടാകും. പെൺകുട്ടികൾ എന്തു പഠിക്കണം എന്നത് പരിശോധിച്ചു വരുകയാണെന്നും ഹഖാനി പറഞ്ഞു. പുറേകാട്ട് നടക്കാൻ താലിബാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴുള്ളതിൽ നിന്ന് മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നും ഹഖാനി വ്യക്തമാക്കി.
അഫ്ഗാനിൽ താലിബാൻ അധികാരമേറ്റാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസവും സഞ്ചാര സ്വാതന്ത്ര്യവും വിലക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് പുതിയ പരിഷ്കരണം. താലിബാൻ അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായപ്പോൾ തന്നെ രാജ്യത്തെ പല സ്കൂളുകളിലും ക്ലാസ്മുറികളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ട് വേർതിരിച്ചാണ് അധ്യാപനം തുടരുന്നത്.
താലിബാൻ ഭരണത്തിൽ ജീവന് ഭീഷണിയാണെന്ന് കണ്ട് അഫ്ഗാനിൽ നിന്ന് നിരവധി സംഗീതജ്ഞർ പലായനം ചെയ്തു. രാജ്യത്തെ ജനകീയ കലാകാരന്മാരിൽ പലരും ഒളിവിലാണ്. സംഗീത ഉപകരണങ്ങളടക്കം താലിബാെൻറ കണ്ണിൽപെടാതെ ഒളിപ്പിക്കുകയും ചെയ്തു. നിരവധി സംഗീത പരിപാടികൾ റദ്ദാക്കുകയും ചെയ്തതോടെ ഈ മേഖല വൻ നഷ്ടത്തിലായി.
താലിബാൻ പിടിമുറുക്കുകയാണെന്ന് കണ്ടപ്പോൾ തന്നെ പെഷാവറിലെ സംഗീത സ്ഥാപനങ്ങൾ പൂട്ടിയിരുന്നു. ഈ മാസം ആറിന് പഞ്ചശീർ കൂടി പിടിച്ചെടുത്തതോടെ അഫ്ഗാനിസ്താെൻറ എല്ലാ ഭാഗങ്ങളും താലിബാെൻറ നിയന്ത്രണത്തിലായി. 20 വർഷം മുമ്പുള്ള താലിബാൻ ഭരണകാലത്ത് അഫ്ഗാനിൽ സംഗീതത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.