കാബൂൾ: രണ്ട് പതിറ്റാണ്ടിനൊടുവിൽ അഫ്ഗാനിസ്താനിൽനിന്ന് യു.എസ് സേന മടങ്ങിയതിനു പിന്നാലെ താലിബാൻ ശക്തമാക്കിയ യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപനം. തലസ്ഥാന നഗരമായ കാബൂളും ഞായറാഴ്ച നിയന്ത്രണത്തിലാതോടെയാണ് യുദ്ധം നിർത്തിയെന്ന താലിബാൻ അവകാശവാദം. യു.എസ് തണലിൽ ഇതുവരെയും അധികാരം നിലനിർത്തിയ ഔേദ്യാഗിക സർക്കാർ ഇല്ലാതായതു കണക്കിലെടുത്ത് കാബൂളിലുണ്ടായിരുന്ന വിദേശനയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കൽ തുടരുകയാണ്. ബൈഡൻ ഭരണകൂടം ഇതിനായി 1,000 യു.എസ് സൈനികരെ അധികമായി വിന്യസിച്ചു. ഇതോടെ അഫ്ഗാനിലെ യു.എസ് സൈനികരുടെ എണ്ണം വീണ്ടും 6,000 ആയി ഉയർന്നു. കാബൂൾ വിമാനത്താവള നിയന്ത്രണവും അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. എംബസികളിൽനിന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററുകളിൽ വിമാനത്താവളത്തിലെത്തിച്ച് കുടിയൊഴിപ്പിക്കൽ തുടരുകയാണ്. ആദ്യദിനം 500 പേരെ ഒഴിപ്പിച്ച അമേരിക്ക ഇത് 5,000 ആയി ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യു.എസ് അംബാസഡർ റോസ് വിൽസണും മടങ്ങിയവരിൽ പെടും. യു.എസ് എംബസിയിലെ അമേരിക്കൻ പതാക താഴ്ത്തി കെട്ടിട സമുച്ചയത്തിൽനിന്ന് പൂർണമായി നീക്കി. മറ്റു പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളും രാജ്യം വിട്ടിട്ടുണ്ട്. അഫ്ഗാൻ പൗരന്മാരും കൂട്ടമായി രാജ്യം വിടുകയാണ്. സ്ത്രീകളും കുട്ടികളുമായി നൂറുകണക്കിന് പേർ വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ശതകോടികൾ ചെലവിട്ട് അമേരിക്ക വർഷങ്ങളായി പരിശീലനം നൽകിയ അഫ്ഗാൻ സൈന്യത്തെ നോക്കുകുത്തിയാക്കി താലിബാൻ വെല്ലുവിളികളില്ലാതെ ഭരണം പിടിക്കുകയായിരുന്നു. എവിടെയും എതിർപ്പറിയാതെയാണ് താലിബാൻ കീഴടക്കൽ പൂർത്തിയാക്കിയത്.
പ്രസിഡന്റ് അശ്റഫ് ഗനി ഞായറാഴ്ച രാജ്യം വിട്ടിരുന്നു. സംഘർഷമൊഴിവാക്കാനാണ് താൻ അഫ്ഗാനിൽനിന്ന് നാടുകടന്നതെന്നാണ് വിശദീകരണമെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ ഇതിനെതിരെ വിമർശനം ശക്തമാണ്. രാജ്യത്തെ സംഘർഷത്തിലേക്ക് തള്ളിവിട്ട് ഗനി സുരക്ഷിത കേന്ദ്രം തേടി പോകുകയായിരുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി.
പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ച താലിബാൻ അവിടം ഔദ്യോഗിക സർക്കാറിന്റെ പതാക നീക്കി പകരം തങ്ങളുടെ കൊടി ഉയർത്തിയിട്ടുണ്ട്. ഭരണം മാറിയ രാജ്യത്ത് പുതിയ സർക്കാർ ഉടൻ അധികാരമേറുമെന്നാണ് താലിബാൻ അവകാശവാദം. സമാധാനപൂർണമായി വിദേശരാജ്യങ്ങളുമായി ബന്ധം നിലനിർത്തുമെന്ന് താലിബാൻ വക്താവ് മുഹമ്മദ് നഈം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.