ഗസ്സ: വാർത്തവിനിമയ സംവിധാനങ്ങളുടെ അഭാവം ഗസ്സയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് യു.എൻ. ഇത് ഗസ്സയിലെ നിലവിലെ യാഥാർഥ്യം പുറംലോകത്തെത്തിക്കാൻ തടസ്സമാകുന്നുണ്ട്. ഗസ്സയിലെ ജനങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുറത്ത് വന്നതെന്നും യു.എൻ അറിയിച്ചു. വാർത്തവിനിമയ സംവിധാനങ്ങൾ നിലച്ചത് മൂലം ജനങ്ങൾക്ക് സഹായമെത്തിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി യു.എൻ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ലഭിക്കുന്നില്ലെന്ന് ഏജൻസി അറിയിച്ചു.
ഒക്ടോബർ 27 മുതലാണ് ഗസ്സയുമായുള്ള ബന്ധം നഷ്ടമായത്. ലാൻഡ്ലൈൻ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളൊന്നും ലഭ്യമാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, യു.എൻ സുരക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും. ഗസ്സയിൽ വെടിനിർത്തൽ ലക്ഷ്യമിട്ട് യു.എൻ സുരക്ഷാസമിതിയിൽ കൊണ്ടു വന്ന പ്രമേയങ്ങളൊന്നും പാസായിരുന്നില്ല. സമ്പൂർണ്ണ വെടിനിർത്തലോ താൽക്കാലിക വെടിനിർത്തലോ ലക്ഷ്യമിട്ട് നാല് പ്രമേയങ്ങളാണ് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ചത്.
ഒക്ടോബർ ഏഴിനു ശേഷം വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും മുടക്കിയതിനു പിന്നാലെ വെള്ളിയാഴ്ച വൈകീട്ടു മുതൽ മുഴുവൻ വാർത്താവിനിമയ സംവിധാനങ്ങളും റദ്ദാക്കി ഗസ്സയില ഇസ്രായേൽ വ്യോമാക്രമണവും കരയാക്രമണവും തുടരുകയാണ്. പുറംലോകത്തേക്ക് വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണമോ തകർച്ചയുടെ ആഴമോ അറിവായിട്ടില്ല. മരണം 7,700 കവിഞ്ഞുെവന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏകദേശ കണക്ക്.
ഒക്ടോബർ ഏഴിനുശേഷമുള്ള ഏറ്റവും കടുത്ത ബോംബിങ്ങിനൊപ്പം കരവഴിയും ഗസ്സക്കുള്ളിൽ സേന ആക്രമണം നടത്തുന്നതായി ഇസ്രായേൽ തന്നെ അറിയിച്ചു. നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ സേനയുമായി ഏറ്റുമുട്ടിയതായി ഹമാസ് പറഞ്ഞു. വാർത്താവിനിമയ സംവിധാനങ്ങൾ സമ്പൂർണമായി റദ്ദാക്കപ്പെട്ട ഗസ്സയിൽ ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് എന്തു സംഭവിച്ചുവെന്ന് അറിയാൻ കഴിയാത്ത ഭീകരമായ മാനസികാവസ്ഥയിലാണ്. ‘അൽജസീറ’ പോലുള്ള ഏതാനും മാധ്യമങ്ങൾ സാറ്റലൈറ്റ് ഫോൺ വഴി ഇടക്കിടെ മാത്രമാണ് സംഭവങ്ങൾ അറിയിക്കുന്നത്. തങ്ങൾ ഒറ്റക്കായെന്ന ചിന്താഭാരമാണ് ഗസ്സ നിവാസികൾക്കെന്ന് ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ സംഘടനയുടെ പ്രതിനിധി പറഞ്ഞു. ‘‘ഞങ്ങൾ കൂട്ടക്കൊല്ല ചെയ്യപ്പെടുന്നത് ടി.വിയിൽ നിശ്ശബ്ദം നോക്കി നിൽക്കുകയാണ് മുഴുവൻ ലോകവും.’’ -‘ഗസ്സ മെഡിക് വോയ്സെസ്’ എന്ന സമൂഹമാധ്യമ അക്കൗണ്ട് സ്ഥാപകൻ ഹസ്സൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.