ഇസ്രായേലിൽ നെതന്യാഹുവിന്റെ നിയമ പരിഷ്കാരത്തിനെതിരെ ആയിരങ്ങൾ തെരുവിൽ

തെൽ അവീവ്: ഇസ്രായേലിലെ നിയമ വ്യവസ്ഥ പരിഷ്കരിക്കാനും സുപ്രീംകോടതി ദുർബലപ്പെടുത്താനുമുള്ള പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ കനത്ത പ്രതിഷേധം. ഇസ്രായേലിലെ മൂന്നു നഗരങ്ങളിലായി നടന്ന പ്രതിഷേധ റാലിയിൽ പതിനായിരങ്ങളാണ് അണി നിരന്നത്. തെൽ അവീവ്, ജറൂസലം, ഹൈഫ നഗരങ്ങളിലാണ് ശനിയാഴ്ച പ്രതിഷേധ റാലി നടന്നത്.

പ്രതിഷേധക്കാർക്കു നേരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് നെതന്യാഹു പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. മഴയെ പോലും വകവെക്കാതെയാണ് തെൽഅവീവിലെ ഹബിമ ചത്വരത്തിൽ 80,000ത്തോളം വരുന്ന പ്രക്ഷോഭകർ തടിച്ചുകൂടിയതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സർക്കാർ, ജനാധിപത്യത്തിന്റെ അവസാനം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ആളുകൾ റാലിയിൽ പ​ങ്കെടുത്തത്.

അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന്റെ മുഖ്യ അജണ്ടകളിലൊന്നാണ് രാജ്യത്തെ നിയമസംവിധാനം അടിമുടി മാറ്റുക എന്നത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കാനാണ് നെതന്യാഹുവിന്റെ നിയമ വ്യവസ്ഥ പരിഷ്കരിക്കുന്നതിന്റെ ലക്ഷ്യത്തിനു പിന്നിൽ. സുപ്രീംകോടതിയെ ദുർബലപ്പെടുത്ത​ണമെന്നാവശ്യപ്പെട്ട് നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാർ രണ്ടാഴ്ച മുമ്പാണ് നിർദേശം സമർപ്പിച്ചത്.

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ നിയന്ത്രണം പാർല​മെന്റ് ഏറ്റെടുക്കണമെന്നും സ്വതന്ത്ര അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കണമെന്നും നിർദേശത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർക്ക് കൂടുതൽ അധികാരമുണ്ടെന്നായിരുന്നു ഇസ്രായേലിലെ നിയമ മന്ത്രി അഭിപ്രായപ്പെട്ടത്. പദ്ധതിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ നേതാക്കളും മുൻ അറ്റോണി ജനറലും സുപ്രീംകോടതി പ്രസിഡന്റും രംഗത്തുവന്നിരുന്നു.

Tags:    
News Summary - Tens of thousands of Israelis protest Netanyahu’s legal changes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.