ന്യൂയോർക്ക്: ലോകത്തിലെ പ്രബലമായ ഇലക്ട്രിക് വാഹനനിർമ്മാതാക്കളായ ടെസലക്കെതിരെ ഗുരുതരമായ വംശീയ ആരോപണങ്ങൾ ഉന്നയിച്ച് മുൻ ജീവനക്കാരി. സ്വവർഗാനുരാഗിയായ തനിക്ക് ലൈംഗികസ്വത്വത്തിന്‍റെയും വംശീയതയുടെയും പേരിൽ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കറുത്ത വർഗക്കാരിയായ കെയ്‌ലൻ ബാർക്കറാണ് ടെസലക്കെതിരെ പരാതിപ്പെട്ടിരിക്കുന്നത്.
ടെസ്‌ലയിലെ വെളുത്തവർഗക്കാരനായ സഹപ്രവർത്തകന്‍ വംശീയമായി അധിക്ഷേപിച്ചതായും ശാരീരികമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഈ സംഭവങ്ങളെക്കുറിച്ച് ടെസലയിലെ തന്റെ സൂപ്പർവൈസർമാരോട് പരാതിപ്പെട്ടെങ്കിലും വിഷയം ഉന്നയിച്ച് ആഴ്ചകൾക്ക് ശേഷം തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ബാർക്കർ ആരോപിച്ചു.
നേരത്തെയും ടെസ്‌ല വംശീയ അധിക്ഷേപത്തിന്‍റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം ആരോപണങ്ങൾ നിഷേധിച്ച ടെസല ഇതുവരെ ഈ പ്രശ്നത്തിൽ പ്രതികരിച്ചിട്ടില്ല. ഫോർഡ്, ജനറൽ മോട്ടോഴ്സ് പോലുള്ള മറ്റ് വലിയ ഓട്ടോമോട്ടീവ് ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി ടെസ്‌ലയിലെ തൊഴിൽ സാഹചര്യം മോശമാണെന്ന് ആരോപണം ഉയർന്നിരുന്നു. ടെസ്‌ലയിലെ ജീവനക്കാർക്ക് മാത്രം ഔപചാരികമായ യൂണിയനുകളില്ലാത്തതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്‍നിര ഇലക്ട്രിക് വാഹനനിർമ്മാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ടെസ്‌ലയെ ഉൾപ്പെടുത്താഞ്ഞത് എന്ന ആക്ഷേപവും ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.