ഗസ്സ: ഇന്ന് രാവിലെ മുതൽ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുമായി ശക്തമായ ഏറ്റുമുട്ടൽ നടന്നതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്. ഖാൻ യൂനിസിൽ 24 ഇസ്രായേലി സൈനിക വാഹനങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർത്തതായി ടെലഗ്രാം ചാനലിൽ അറിയിച്ചു. 18 ഇസ്രായേൽ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ നേരിട്ടുള്ള ആക്രമണത്തിൽ അൽ-ഖസ്സാം ഷൂട്ടർമാർ 8 സൈനികരെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായും പ്രസ്താവനയിൽ പറഞ്ഞു.
കൂടാതെ, ഖാൻ യൂനിസ് ഏരിയയിൽ ഇസ്രായേൽ സൈനിക നിലയമാക്കി മാറ്റിയ കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർത്തതായും അൽ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു.
അതിനിടെ, ഗസ്സയിൽ കരയാക്രമണത്തിനെത്തിയ അഞ്ച് സൈനികരെ ഹമാസ് വധിച്ചതായി ഇസ്രായേൽ സേന (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് രണ്ടു സൈനികരുടെ കൂടി പേരുവിവരങ്ങൾ പുറത്തുവിടുകയായിരുന്നെന്ന് ഇസ്രായേലി ദിനപത്രം ഹാരറ്റ്സ് റിപ്പോർട്ട് ചെയ്തു.
188ാമത് ആംഡ് കോർപ്സ് ബ്രിഗേഡിലെ 53ാം ബറ്റാലിയൻ സൈനികരായ സർജൻറ് യാകിർ യെദിദ്യ ഷെങ്കോലെവ്സ്കി (21), ക്യാപ്റ്റൻ ഏയ്തൻ ഫിഷ് (23), സ്റ്റാഫ് സർജന്റ് തുവൽ യാക്കോവ് സനാനി (20), ക്യാപ്റ്റൻ യാഹെൽ ഗാസിറ്റ് (24), 261ാം ബ്രിഗേഡിലെ 6261 ബറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ മാസ്റ്റർ സർജന്റ് ഗിൽ ഡാനിയൽസ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇതോടെ ഒക്ടോബർ ഏഴുമുതലുള്ള യുദ്ധത്തിൽ 400 ഇസ്രായേൽ സൈനികരാണ് ഹമാസ് ആക്രമണത്തിൽ മരിച്ചത്. അതിനിടെ ഇന്ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർക്ക് പരിക്കേറ്റതായി ഇസ്രായേൽ എമർജൻസി സർവിസായ മാഗെൻ ഡാവിഡ് അഡോം അറിയിച്ചു. 60 വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഹമാസ് ആക്രമണത്തിൽ തകർന്ന അഷ്കലോണിലെ കെട്ടിടത്തിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
ഗസ്സ സിറ്റി: നാളുകൾ മുമ്പുവരെ സുരക്ഷിത കേന്ദ്രമായി ഇസ്രായേൽ പ്രഖ്യാപിച്ച ദക്ഷിണ ഗസ്സയിൽ പോരാട്ടം രൂക്ഷം. ഖാൻ യൂനുസ് കേന്ദ്രീകരിച്ച് ഇസ്രായേൽ വ്യോമ, കരയാക്രമണങ്ങളിൽ 50ലേറെ പേർ കൊല്ലപ്പെട്ടു. പതിനായിരങ്ങൾ പലായനം ചെയ്യുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ ഹമാസുമായി കനത്ത പോരാട്ടം തുടരുകയാണ്.
മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പിനുനേരെ നടന്ന ആക്രമണങ്ങളിൽ ചുരുങ്ങിയത് 50 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ഗസ്സയിൽ കമാൽ അദ്വാൻ ആശുപത്രി, ജബലിയ അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിലും നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. യു.എൻ സ്കൂളിനുനേരെ ആക്രമണത്തിൽ രണ്ടുപേരും മരിച്ചു.
മധ്യമേഖലയിലെ ദെയ്ർ അൽബലഹിൽ 20ലേറെ കൊല്ലപ്പെട്ട ദിനത്തിൽ ഗസ്സയിൽ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 16,000 കടന്നു. ശുജാഇയ, ജബലിയ, ഖാൻ യൂനുസ് എന്നീ മേഖലകളുടെ ഹൃദയഭാഗങ്ങളിൽ തങ്ങൾ നിലയുറപ്പിച്ചതായി ഇസ്രായേൽ സേന പറയുന്നു.
ഖാൻ യൂനുസിലടക്കം കൂട്ടകുടിയൊഴിപ്പിക്കൽ നടത്തുന്നത് പലായനം ചെയ്യാൻ ഇടമില്ലാത്ത സ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്. ഗസ്സയിൽ ഓരോ മണിക്കൂറിലും സ്ഥിതി അതിഗുരുതരമായി മാറുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അതിനിടെ, ഗസ്സയിലെ ഹമാസ് തുരങ്കങ്ങൾ തകർക്കാൻ ഇസ്രായേൽ കൂറ്റൻ പമ്പുകൾ സ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.