ഖർത്തും: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഒരുമാസത്തോളമായി നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് അബ്ദുല്ല ഹംദുക്കിനെ പ്രധാനമന്ത്രി സ്ഥാനത്ത് സൈന്യം പുനഃസ്ഥാപിച്ചു. ഹംദുക്കിനെ പുനഃസ്ഥാപിക്കാനും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുമുള്ള കരാറിൽ സൈനിക മേധാവി ജന. അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ ഞായറാഴ്ച ഒപ്പുവെച്ചു.
ഖർത്തുമിലെ പ്രസിഡൻറിെൻറ വസതിയിൽ വെച്ചാണ് 14 ഇന കരാറിൽ ഒപ്പുവെച്ചത്. ഒക്ടോബർ 25ന് നടന്ന അട്ടിമറിയിലാണ് പ്രധാനമന്ത്രിയെ പുറത്താക്കിയത്. ജനറൽ അബ്ദുൽ ഫത്താഹ് അൽബുർഹാനും രാഷ്ട്രീയ പാർട്ടികളും തമ്മിൽ ഹംദുക്കിന് അധികാരം കൈമാറുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായി നാഷനൽ ഉമ്മ പാർട്ടി തലവൻ ഫദലുല്ല ബർമ നാസിർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഹംദുക്ക് സാങ്കേതിക വിദഗ്ധരുടെ സ്വതന്ത്ര മന്ത്രിസഭ രൂപവത്കരിക്കുമെന്നും എല്ലാ രാഷ്ട്രീയ തടവുകരെയും മോചിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
ഒക്ടോബർ 25നാണ് ഇടക്കാല സർക്കാറിനെ അട്ടിമറിച്ച് അൽ ബുർഹാൻ അധികാരം പിടിച്ചെടുത്തത്. ഹംദുക്കിനെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഹംദുക്കിനെ അധികാരത്തിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്ത സൈനിക നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. പിന്നാലെ സൈനിക അട്ടിമറി നടന്ന സുഡാനെ ആഫ്രിക്കൻ യൂനിയനിൽ നിന്ന് പുറത്താക്കി. പഴയ സർക്കാർ പുനഃസ്ഥാപിച്ചാൽ സുഡാനെ ആഫ്രിക്കൻ യൂനിയനിൽ തിരിച്ചെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.