വെടിയേറ്റ സ്ലോവാക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ നില മെച്ചപ്പെട്ടു

ഹാൻഡ്ലോവ: ബുധനാഴ്ച വെടിയേറ്റ സ്ലോവാക്യ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ആരോഗ്യ നിലയിൽ പുരോഗതി. അടിവയറ്റിൽ വെടിയേറ്റ അദ്ദേഹം ശസ്ത്രക്രിയക്കുശേഷം അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി തോമസ് റ്ററാബ അറിയിച്ചു. അതിനിടെ പ്രധാനമന്ത്രിക്ക് വെടിയേറ്റ സംഭവം രാജ്യത്ത് ആഭ്യന്തര സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ സർവകക്ഷി യോഗം ചേർന്ന് സമാധാനത്തിന് ആഹ്വാനം ചെയ്തു. ഫിറ്റോയുടെ അനുയായികൾ ആശുപത്രിക്കുപുറത്ത് ഒത്തുകൂടിയിരുന്നു.

അക്രമിക്ക് വ്യക്തമായ രാഷ്ട്രീയ പ്രേരണയുണ്ടെന്ന് ആഭ്യന്തര മന്ത്രി മാറ്റസ്‍ സുറ്റാജ് പറഞ്ഞു. എന്താണ് പ്രേരണയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഫികോയുടെ റഷ്യൻ അനുകൂല നയങ്ങൾക്കും ഏകാധിപത്യ ശ്രമങ്ങൾക്കുമെതിരെ മൂന്നാഴ്ചയായി ശക്തമായ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവവികാസം. പാർലമെന്റ് യോഗം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. പ്രതിപക്ഷം പ്രക്ഷോഭ പരിപാടികൾ മാറ്റിവെച്ചു.

സ്ലോവാക്യ കഴിഞ്ഞ വർഷം യുക്രെയ്നുള്ള ആയുധ സഹായം നിർത്തിയിരുന്നു. തലസ്ഥാനമായ ബ്രാടിസ്‍ലാവയില്‍നിന്ന് 150 കിലോ മീറ്റര്‍ അകലെ ഹാന്‍ഡ്ലോവയിൽ സാംസ്കാരിക കേന്ദ്രത്തിന് പുറത്താണ് പ്രധാനമന്ത്രിക്ക് വെടിയേറ്റത്. യൂറോപ്യൻ യൂനിയൻ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോലൻബെർഗ്, യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെൻ, വിവിധ രാഷ്ട്ര നേതാക്കൾ തുടങ്ങിയവർ സംഭവത്തെ അപലപിച്ചു.

Tags:    
News Summary - The condition of Slovakian Prime Minister Robert Fico, who was shot, has improved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.