ബാലി: ജി 20 ഉച്ചകോടിക്ക് ഇന്തോനേഷ്യയിലെ ബാലിയിൽ ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി ലോകനേതാക്കൾ സംബന്ധിക്കുന്നു.
ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കിയ, ആസ്ട്രേലിയ, സൗദി, യു.എസ്, അർജന്റീന, ബ്രസീൽ, മെക്സികോ, ഫ്രാൻസ്, ജർമനി, ഇറ്റലി, യു.കെ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂനിയനുമാണ് ജി 20 കൂട്ടായ്മയിലുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉച്ചകോടിയിൽ സംബന്ധിക്കില്ല എന്നാണ് റിപ്പോർട്ട്.
അതിനിടെ പുടിന് പകരമെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനെ നെഞ്ചുവേദനയെ തുടർന്ന് ബാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ റഷ്യൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.
ഉച്ചകോടിക്ക് അനുബന്ധമായി നടക്കുന്ന രാഷ്ട്രനേതാക്കളുടെ ചർച്ചയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ വർഷം ഇറ്റലിയിലെ റോമിലാണ് ഉച്ചകോടി നടത്തിയത്. ഇത്തവണത്തെ ഉച്ചകോടിക്കുശേഷം ഇന്ത്യയാണ് ജി 20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുക. അടുത്ത വർഷം ഉച്ചകോടി ഇന്ത്യയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.