വാഷിങ്ടൺ: 900 ജീവനക്കാരെ വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്വെയറായ 'സൂമി'ൽ വിളിച്ചുവരുത്തി പിരിച്ചുവിട്ട് അമേരിക്കയിലെ ഇന്ത്യൻ വംശജനായ കമ്പനി മേധാവി. 'ബെറ്റർ ഡോട്കോം സി.ഇ.ഒ വിശാൽ ഗാർഗാണ് ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്.
''നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയല്ലിത്. നിങ്ങൾ ഈ ഓൺലൈൻ യോഗത്തിന് ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പുറത്താക്കപ്പെടുന്ന നിർഭാഗ്യവാന്മാരിൽ ഒരാളാണ്. അടിയന്തരമായി നിങ്ങളെ പുറത്താക്കിയിരിക്കുന്നു''- സൂമിൽ വിളിച്ചുചേർത്ത തൊഴിലാളികളോടായി വിശാൽ ഗാർഗ് അറിയിച്ചതിങ്ങനെ.
മൊത്തം തൊഴിൽ ശേഷിയിലെ ഒമ്പതു ശതമാനമാണ് ഇങ്ങനെ പുറത്താക്കപ്പെട്ടത്. 15 ശതമാനം പേരെ പുറത്താക്കുകയാണെന്നായിരുന്നു സി.ഇ.ഒയുടെ പ്രഖ്യാപനമെങ്കിലും പിന്നീട് തിരുത്തി. കാര്യക്ഷമതയും പ്രകടനമികവുമാണ് പരിഗണിച്ചതെന്നാണ് വിശദീകരണം. യോഗത്തിനെത്തിയ തൊഴിലാളികളിലൊരാൾ വിശാൽ ഗാർഗിെൻറ ഈ കോൾ റെക്കോഡ് ചെയ്ത് സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു.
യു.എസിൽ അവധിക്കാലം ആരംഭിക്കാനിരിക്കെയാണ് തൊഴിലാളികൾക്ക് മുന്നറിയിപ്പൊന്നും നൽകാതെ പുറത്താക്കൽ നടത്തിയത്. മൂന്നു മിനിറ്റ് നീണ്ട 'സൂം' യോഗത്തിലായിരുന്നു പ്രഖ്യാപനം. കരിയറിനിടെ രണ്ടാം തവണയാണ് ഇങ്ങനെ പിരിച്ചുവിടുന്നതെന്നും ചെയ്യാൻ ആഗ്രഹിച്ചതല്ലെന്നും വിശാൽ ഗാർഗ് പറയുന്നു.
തൊട്ടുമുമ്പ് തൊഴിലാളികളെ വിളിച്ച് കനത്ത വിമർശനമുന്നയിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. യു.എസിലെ മുൻനിര സ്റ്റാർട്ടപ്പ് സംരംഭങ്ങളിലൊന്നായി അടുത്തിടെ ബെറ്റർ ഡോട്കോം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.