യു.കെ തെരഞ്ഞെടുപ്പ്: ഫലസ്തീൻ വിരുദ്ധ നിലപാട് ലേബർ പാർട്ടിക്ക് ചില സീറ്റുകളിൽ തിരിച്ചടിയായി

ലണ്ടൻ: യു.കെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും, പാർട്ടിയുടെ ഫലസ്തീൻ വിരുദ്ധത ചില സീറ്റുകൾ നഷ്ടപ്പെടാനും ഇടയാക്കി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് കുടപിടിക്കുന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട കെയർ സ്റ്റാർമറിന്റേത്. ഗസ്സയിലെ ഫലസ്തീനികൾക്ക് വെള്ളവും അധികാരവും തടഞ്ഞുവെക്കാൻ ഇസ്രായേലിന് അവകാശമുണ്ട് എന്നായിരുന്നു ഒക്ടോബറിൽ യു.കെ റേഡിയോ സ്റ്റേഷനായ എൽ.ബി.സിക്കു നൽകിയ അഭിമുഖത്തിൽ സ്റ്റാർമർ അഭിപ്രായപ്പെട്ടത്. എല്ലാം അന്താരാഷ്ട്ര നിയമത്തിന്റെ പരിധിയിൽ നിന്ന് ചെയ്യണമെന്നും സ്റ്റാർമർ കൂട്ടി​ച്ചേർത്തു. ഈ അഭിപ്രായം ഇടത്-മുസ്‍ലിം വോട്ടർമാരെ രോഷാകുലരാക്കി. തുടർന്ന് ലേബർ പാർട്ടി എം.പിമാരുടെ ഓഫിസിനും വീടിനും പുറത്ത് പ്രതിഷേധങ്ങൾ അരങ്ങേറി.

ഗസ്സയെ പിന്തുണച്ച് പാർലമെന്റിൽ ശബ്ദമുയർത്തിയ അഞ്ച് സ്വതന്ത്രസ്ഥാനാർഥികൾ മിന്നുന്ന വിജയമാണ് നേടിയത്. ചിലയിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ ലേബർ പാർട്ടി ഉറപ്പിച്ചിരുന്ന സീറ്റുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു.

ഇംഗ്ലീഷ് മിഡ്‍ലാൻഡിലെ വ്യാവസായിക നഗരത്തിലെ സീറ്റായ ലെസ്റ്റർ സൗത്തിൽ ലേബർ ഷാഡോ കാബിനറ്റ് അംഗം ജോനാഥൻ ആഷ് വർത്ത് 979 വോട്ടുകൾക്കാണ് സ്വതന്ത്ര സ്ഥാനാർഥിയായ ഷോക്കറ്റ് ആദമിനോട് പരാജയപ്പെട്ടത്. ഈ വിജയം ഗസ്സക്ക് സമർപ്പിക്കുന്നു എന്നാണ് ആദം വിജയത്തിനു ശേഷം പ്രഖ്യാപിച്ചത്.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ജെറമി കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി 1935നു ശേഷമുള്ള ഏറ്റവും മോശമായ തോൽവിയിലേക്ക് കൂപ്പുകുത്തിയപ്പോഴും ആഷ് വർത്ത് 67 ശതമാനം വോട്ടുകൾക്ക് വിജയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പരാജയം ​പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.

ബ്ലാക്ക്‌ബേണിൽ, 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ 18,304 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ലേബർ പാർട്ടിയുടെ കേറ്റ് ഹോളൺ സ്വതന്ത്ര സ്ഥാനാർഥി അദ്‌നാൻ ഹുസൈനോട് 132 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഡ്യൂസ്‌ബറിയിലുംബാറ്റ്‌ലിയിലും സ്വതന്ത്രനായി മത്സരിച്ച ഇഖ്ബാൽ മുഹമ്മദ് ലേബർ പാർട്ടിയുടെ നിലവിലെ ഹീതർ ഇഖ്ബാലിനെ പരാജയപ്പെടുത്തി. ബിർമിങ്ഹാം പെറി ബാറിൽ സ്വതന്ത്രനായ അയ്യൂബ് ഖാൻ 507 വോട്ടുകൾക്ക് ലേബർ പാർട്ടി സ്ഥാനാർഥി ഖാലിദ് മഹമൂദിനെ പരാജയപ്പെടുത്തി.

അതേസമയം, കിഴക്കൻ ലണ്ടനിലെ മണ്ഡലമായ ചിങ്ഫോർഡിലും വുഡ്‌ഫോർഡ് ഗ്രീനിലും ഇടതുപക്ഷ വോട്ടുകൾ ഭിന്നിച്ചു. പ്രചാരണത്തിനിടെ ലേബർ പാർട്ടി പുറത്താക്കിയതിന് ശേഷം സ്വതന്ത്രയായായാണ് ഇവിടെഫെയ്‌സ ഷഹീൻ മത്സരിച്ചത്. അവരെ പുറത്താക്കിയത് വലിയ വാർത്തയായിരുന്നു. വോട്ടുകൾ ഭിന്നിച്ചത് കൺസർവേറ്റീവ് സ്ഥാനാർഥി ഇയാൻ ഡങ്കന് നേട്ടമായി. ഏതാണ്ട് 5000 വോട്ടുകൾക്കാണ് അദ്ദേഹം സീറ്റ് നിലനിർത്തിയത്. തന്നെ ഒഴിവാക്കിയതാണ് ലേബറിന് സീറ്റ് നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ഷഹീൻ ആരോപിച്ചു.

ഇസ്രായേലിന്റെ ഗസ്സ ആക്രമണങ്ങളിൽ സ്റ്റാർമർ നടത്തിയ പരാമർശങ്ങളിൽ വലിയ രീതിയിൽ വിമർശനമുയർന്നിരുന്നു. ഇത് വോട്ടുകൾ നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന് ലേബർ പാർട്ടി ഭയക്കുകയും ചെയ്തിരുന്നു. അതുപോലെ ഗസ്സയിലെ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് സ്കോട്ടിഷ് നാഷനൽ പാർട്ടി കൊണ്ടുവന്ന പ്രമേയത്തെ ലേബർ പാർട്ടി പിന്തുണക്കാൻ വിസമ്മതിച്ചതും രോഷം വർധിപ്പിച്ചു. എന്നാൽ അതിനു പിന്നാലെ സമാന വിഷയത്തിൽ ലേബർ പാർട്ടി പ്രമേയം പാസാക്കിയത് രോഷം തണുപ്പിച്ചു. ഗസ്സ നിലപാടിന്റെ പേരിൽ ലേബർപാർട്ടിക്ക് സീറ്റ് നഷ്ടമായ ഇടങ്ങൾ മുസ്‍ലിംകൾ കൂടുതലുള്ള മേഖലകളാണ്.

2021 ലെ സെൻസസ് അനുസരിച്ച്, ലെസ്റ്റർ, ബിർമിങ്ഹാം, ഇൽഫോർഡ്, ബ്ലാക്ക്ബേൺ എന്നിവിടങ്ങളിലെ ജനസംഖ്യയുടെ 20% ത്തിലധികം മുസ്‍ലിംകളാണ്. ബേറിന്റെ ഷാ​​ഡോ ഹെൽത്ത് സെക്രട്ടറിയായിരുന്ന വെസ് സ്ട്രീറ്റിങ് തന്റെ സീറ്റായ ഇൽഫോർഡ് നോർത്തിൽ 528 വോട്ടുകൾക്ക് സ്വതന്ത്ര സ്ഥാനാർഥി ലീൻ മുഹമ്മദിനെക്കാൾ പിന്നിലാണ്. ഗസ്സ വെടിനിർത്തൽ സംബന്ധിച്ച വോട്ടെടുപ്പിൽ നിന്ന് സ്ട്രീറ്റിങ് വിട്ടുനിന്നിരുന്നു.

Tags:    
News Summary - The Labour party’s position on Gaza appears to have cost it votes in the UK election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.