പാവപ്പെട്ടവർ കോവിഡ് ബാധിച്ച് മരിക്കുമ്പോൾ സമ്പന്നർക്ക് വീണ്ടും പണക്കൊയ്ത്ത്

കോവിഡിൽ സാധാരണക്കാരായ ജനങ്ങൾ മരിച്ചു വീഴുമ്പോൾ ലോകത്തിലെ ഏറ്റവും ധനികരായ 10 ആളുകളുടെ സമ്പത്ത് റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്നുവെന്ന് റിപ്പോർട്ട്. ആഗോള സാമ്പത്തിക ശാസ്ത്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക നേതാക്കളുടെ വെർച്വൽ മിനി ഉച്ചകോടിയിൽ ഓക്സ്ഫാം ഗ്രൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വിവരങ്ങൾ. കോവിഡ് മഹാമാരി 160 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടപ്പോൾ ധനികരുടെ സമ്പത്ത് പ്രതിദിനം 1.3 ബില്യൺ ഡോളർ എന്ന നിരക്കിൽ 700 ബില്യൺ ഡോളറിൽ നിന്ന് 1.5 ട്രില്യൺ ഡോളറായി ഉയർന്നതായാണ് റിപ്പോർട്ട്.

ലഭ്യമായ ഏറ്റവും കാലികവും സമഗ്രവുമായ ഡാറ്റാ സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക കണക്കുകൂട്ടലുകൾ നടത്തിയതെന്നും യു.എസ് ബിസിനസ് മാഗസിനായ ഫോർബ്സ് സമാഹരിച്ച 2021ലെ ശതകോടീശ്വരൻമാരുടെ പട്ടികയാണ് ഉപയോഗിച്ചതെന്നും ഓക്സ്ഫാം ഗ്രൂപ്പ് പറഞ്ഞു. ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് , ആമസോണിന്റെ ജെഫ് ബെസോസ്, ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ, ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗ്, മുൻ മൈക്രോസോഫ്റ്റ് സി.ഇ.ഒമാരായ ബിൽ ഗേറ്റ്‌സ്, സ്റ്റീവ് ബാൾമർ, മുൻ ഒറാക്കിൾ സി.ഇ.ഒ ലാറി എല്ലിസൺ, യു.എസ്. നിക്ഷേപകൻ വാറൻ ബഫറ്റും ഫ്രഞ്ച് ലക്ഷ്വറി ഗ്രൂപ്പായ എൽ.വി.എം.എച്ചിന്റെ തലവൻ ബെർണാഡ് അർനോൾട്ടും തുടങ്ങിയവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയിലുള്ളത്.

രണ്ട് വർഷത്തിനിടെ ആരോഗ്യ സംരക്ഷണം, ലിംഗാധിഷ്ഠിത അക്രമം, പട്ടിണി, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം ലോകത്ത് പ്രതിദിനം 21,000 ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് ഓക്സ്ഫാം പറഞ്ഞു.

Tags:    
News Summary - The poor die from COVID while the rich get richer, Oxfam warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.